ഇന്ത്യയുടെ യുഎസ് അംബാസഡറായി അരുണ്‍ സിംഗിനെ ഔദ്യോഗികമായി നിര്‍ദ്ദേശിച്ചു
Tuesday, March 3, 2015 4:34 AM IST
വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായി അരുണ്‍ കുമാര്‍ സിംഗിനെ നിര്‍ദ്ദേശിച്ച വിവരം ഇന്ത്യാ ഗവണ്‍മെന്റ് ഔദ്യോഗികമായി അമേരിക്കന്‍ ഗവണ്‍മെന്റിനെ അറിയിച്ചു.

ഇതുസംബന്ധിച്ചുളള അറിയിപ്പ് ലഭിച്ചെങ്കിലും അമേരിക്കന്‍ ഗവണ്‍മെന്റില്‍ നിന്നുളള മറുപടിക്കായി കാത്തിരിക്കുകയാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ഇപ്പോള്‍ ഫ്രാന്‍സിലെ അംബാസിഡറായി സേവനം അനുഷ്ഠിക്കുകയാണ് അരുണ്‍ സിംഗ്.

1979 ബാച്ചില്‍ ഐഎഫ്എസ് ഓഫിസറായ അരുണ്‍ സിംഗ് യുഎസിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന എസ്. ജയശങ്കറിന്റെ സ്ഥാനത്താണ് നിയമിതനാകുന്നത്. ജയശങ്കര്‍ ജനുവരി മുതല്‍ വിദേശ കാര്യ വകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.

ഒബാമ ഭരണ കൂടത്തിന്റെ അനുമതി ലഭിച്ചാലും ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ പാരിസ് സന്ദര്‍ശനം ഏപ്രില്‍ പൂര്‍ത്തിയായതിനുശേഷം മാത്രമേ അരുണ്‍ സിംഗ് പുതിയ ചമുതലയില്‍ പ്രവേശിക്കുകയുളളുവെന്നും അധികൃതര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ മിഷന്റെ ഡെപ്യൂട്ടി ചീഫായി വാഷിംഗ്ടണില്‍ അഞ്ചു വര്‍ഷം അരുണ്‍ സിംഗ് പ്രവര്‍ത്തിച്ചിരുന്നു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍