മൈസൂരുവിന് വീണ്ടും രാജയോഗം
Tuesday, March 3, 2015 2:33 AM IST
മൈസൂരു: മൈസൂരു രാജകുടുംബത്തിന് ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും രാജയോഗം. രാജകുടുംബത്തിലേക്ക് ദത്തുപുത്രനായി യദുവീര്‍ ഗോപാല്‍രാജ് അര്‍സ് എത്തിയതോടെ ഇനി കിരീടധാരണത്തിന്റെ ഒരുക്കങ്ങളായി. യദുവീറിന്റെ കിരീടധാരണം ദസറ ആഘോഷങ്ങള്‍ക്കുമുമ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പരമ്പരാഗതമായി ദസറആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കേണ്ടത് രാജാവാണ്. ഇതുപ്രകാരം ഈവര്‍ഷം അംബവിലാസ് കൊട്ടാരത്തില്‍ നടക്കുന്ന ദസറആഘോഷങ്ങള്‍ക്കു യദുവീര്‍ നേതൃത്വം നല്‍കുകയും സിംഹാസനത്തിലിരുന്ന് ദര്‍ബാര്‍ നടത്തുകയും ചെയ്യും.

കിരീടധാരണത്തിനു പിന്നാലെ രാജകുമാരന്റെ വിവാഹവും നടക്കും. രാജസ്ഥാനിലെ ദുംഗാപൂര്‍ യുവരാജാവ് ഹര്‍ഷവര്‍ധന്‍സിംഗിന്റെയും മഹേശ്രി കുമാരിയുടെയും മകള്‍ തൃഷിക കുമാരിയെയാണ് യദുവീര്‍ വിവാഹം കഴിക്കുക. അടുത്ത നവംബറിലായിരിക്കും വിവാഹം. യദുവീറിന്റെ ദത്തെടുക്കല്‍ ചടങ്ങില്‍ തൃഷിക കുമാരിയും കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15നുള്ള ശുഭമുഹൂര്‍ത്തത്തില്‍ ചരിത്രമുറങ്ങുന്ന അംബവിലാസ് കൊട്ടാരത്തിലെ കല്യാണ മണ്ഡപത്തില്‍ രാജകീയപ്രൌഢിയോടെയായിരുന്നു യദുവീറിന്റെ ദത്തെടുക്കല്‍ ചടങ്ങ്. ചടങ്ങിനായി കല്യാണമണ്ഡപത്തില്‍ പുഷ്പാലംകൃതമായ പ്രത്യേക മണ്ഡപം സജ്ജീകരിച്ചിരുന്നു.

സ്വര്‍ണനിറമുള്ള ഷെര്‍വാണിയും ചുവപ്പ് നിറമുള്ള പരമ്പരാഗത തൊപ്പിയും ധരിച്ചാണ് യദുവീര്‍ എത്തിയത്. ചടങ്ങ് ഒരു മണിക്കൂര്‍ നീണ്ടുനിന്നു. ദത്തെടുക്കല്‍ ചടങ്ങ് പൂര്‍ത്തിയായതോടെ യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ എന്ന് പേരു സ്വീകരിച്ചു.

അമേരിക്കയിലെ ബോസ്റണ്‍ സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്ര ബിരുദവിദ്യാര്‍ഥിയാണ് യദുവീര്‍. അന്തരിച്ച മുന്‍ രാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാറിനും ഭാര്യ പ്രമോദ ദേവിക്കും മക്കളില്ലാത്തതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മൂത്ത സഹോദരി പരേതയായ ഗായത്രീദേവിയുടെ മകള്‍ ലീലാ ത്രിപുരസുന്ദരീദേവിയുടെയും സ്വരൂപ് ആനന്ദ് ഗോപാല്‍രാജ് അര്‍സിന്റെയും മകനായ യദുവീറിനെ തേടി പുതിയ നിയോഗമെത്തിയത്. 22 കാരനായ യദുവീറിന് ജയതമിക എന്നു പേരുള്ള സഹോദരികൂടിയുണ്ട്.

ദത്തെടുക്കല്‍ ചടങ്ങ് മുന്‍നിര്‍ത്തി മൂന്നു ദിവസം കൊട്ടാരം വൈദ്യുതദീപാലംകൃതമാക്കിയിരുന്നു. മൈസൂരു രാജകുടുംബാംഗങ്ങള്‍, മന്ത്രിമാരായ കെ.ജെ.ജോര്‍ജ്, എം.എച്ച്.അംബരീഷ്, ഡെപ്യൂട്ടി കമ്മീഷണര്‍ സി.ശിഖ, സിറ്റി പോലീസ് കമ്മീഷണര്‍ എം.എ.സലീം, രാജസ്ഥാനിലെയും ഗുജറാത്തിലെയും ഏതാനും രാജകുടുംബാംഗങ്ങള്‍ തുടങ്ങി നൂറോളം ക്ഷണിക്കപ്പെട്ട അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്. വിദേശവിനോദസഞ്ചാരികളടക്കം ആയിരക്കണക്കിനുപേര്‍ കൊട്ടാരത്തിനു പുറത്തുനിന്ന് ചടങ്ങ് വീക്ഷിച്ചു. ചടങ്ങിനുശേഷം കൊട്ടാരപരിസരത്തുകൂടി വെള്ളിരഥത്തിലിരുന്ന് യദുവീര്‍ നടത്തിയ സവാരി ആയിരങ്ങളെ ആകര്‍ഷിച്ചു. രാജകീയപ്രൌഢി വെളിവാക്കിത്തന്നെയായിരുന്നു സവാരി.

ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം പൂര്‍ണമായും കൊട്ടാരകാര്യങ്ങളില്‍ ശ്രദ്ധിക്കാനാണ് യദുവീറിന്റെ തീരുമാനം. കൊട്ടാരത്തിന്റെ അനന്തരാവകാശിയാകണമെന്ന ആഗ്രഹം മനസില്‍കൊണ്ടുനടന്ന ചതുരംഗ കാന്തരാജ് അര്‍സ് പോലുള്ള കുടുംബാംഗങ്ങളെ അനുനയിപ്പിക്കുകയെന്നതായിരിക്കും യദുവീര്‍ നേരിടുന്ന ആദ്യ വെല്ലുവിളി. കൊട്ടാരത്തിന്റെ മൈസൂരുവിലും ബംഗളൂരുവിലുമുള്ള സ്വത്തുവകകളെചൊല്ലി സുപ്രീംകോടതിയിലും ഹൈക്കോടതിയിലും സംസ്ഥാനസര്‍ക്കാരുമായുള്ള കേസുകളുടെ നടത്തിപ്പും പുതിയ രാജാവിനു പ്രതിസന്ധി സൃഷ്ടിക്കും.