സെന്റ് ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനം സെമിനാര്‍ സംഘടിപ്പിച്ചു
Monday, March 2, 2015 8:24 AM IST
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് കുവൈറ്റിലെ മലങ്കര ഓര്‍ത്തഡോക്സ് സഭാവിശ്വാസികളായ യുവജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ഫെബ്രുവരി 25നു രാവിലെ ഒമ്പതു മുതല്‍ അബാസിയ സെന്റ് ജോര്‍ജ് ചാപ്പലില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

'സാമൂഹ്യ പ്രതിബദ്ധതയുടെ ഹൃദയതാളം' എന്ന വിഷയത്തെ ആസ്പദമാക്കി അഹമ്മദി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. കുര്യന്‍ ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. 'യുവജനങ്ങളും സമൂഹവും' എന്ന വിഷയം മഹാഇടവക സെക്രട്ടറി സാബു ഏലിയാസ് അവതരിപ്പിച്ചു.

മഹാഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ പഠന വിഭാഗമായ സൂഫിയോ തയാറാക്കിയ ബുക്ക് മാര്‍ക്ക് ഫാ. രാജു തോമസ്, സെന്റ് ബേസില്‍ ഇടവക വികാരി ഫാ. ഷാജി ജോഷ്വായ്ക്കു നല്‍കി പ്രകാശനം ചെയ്തു.

മഹാഇടവക വികാരിയും പ്രസ്ഥാനം പ്രസിഡന്റുമായ ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വര്‍ഗീസ്, യുവജന പ്രസ്ഥാനം ലേ-വൈസ് പ്രസിഡന്റ് ജോബി കളീക്കല്‍, സെക്രട്ടറി എബി മാത്യു, കണ്‍വീനര്‍ ഷൈജു കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. കുവൈറ്റിലെ വിവിധ ഓര്‍ത്തഡോക്സ് ഇടവകകളില്‍നിന്നുള്ള യുവജനപ്രസ്ഥാന അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍