അമേരിക്കന്‍ മലങ്കര അതിഭദ്രാസന വൈദിക യോഗം മാര്‍ച്ച് അഞ്ചു മുതല്‍ ഏഴു വരെ
Monday, March 2, 2015 8:16 AM IST
ഹൂസ്റണ്‍: അമേരിക്കന്‍ മലങ്കര അതിഭദ്രാസന വൈദിക ധ്യാന യോഗം 2015 മാര്‍ച്ച് അഞ്ചു മുതല്‍ ഏഴു വരെ (വ്യാഴം, വെളളി, ശനി) ഹൂസ്റണ്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഇടവക മെത്രാപ്പോലീത്ത യല്‍ദോ മാര്‍ തീത്തോസിന്റെ അധ്യക്ഷതയിലും ആയൂബ് മാര്‍ സില്‍വാനോസ് (ക്നാനായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്), കുറിയാക്കോസ് മാര്‍ തെയോഫിലോസ് (എംഎസ്ഒറ്റി സെമിനാരി വെട്ടിക്കല്‍) എന്നീ മെത്രാപ്പോലീത്താമാരുടെ സാന്നിധ്യത്തിലും നടക്കും.

അമേരിക്കയിലെയും കാനഡയിലെയും വിവിധ ദേവാലയങ്ങളില്‍നിന്നായി അമ്പതില്‍പരം വൈദികരും ശെമ്മാശന്മാരും പങ്കെടുക്കുന്ന വൈദിക കൂട്ടായ്മയ്ക്ക് അഞ്ചിന് (വ്യാഴം) വൈകുന്നേരം സന്ധ്യാപ്രാര്‍ഥനയ്ക്കുശേഷം വൈദിക സെക്രട്ടറി വെരി റവ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്കോപ്പാ ആമുഖ പ്രസംഗം നടത്തുന്നതോടെ തുടക്കം കുറിക്കും.

ഇടവക മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ റവ. ഫാ. ബിനു ജോസഫ് (വികാരി, സെന്റ് മേരീസ് ചര്‍ച്ച് ഹൂസ്റണ്‍) സ്വാഗതം ആശംസിക്കും. തുടര്‍ന്ന് അയൂബ് മാര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത ആശംസാ പ്രസംഗം നടത്തും.

ആറിനു(വെളളി) പ്രഭാതപ്രാര്‍ഥനയോടെ, പ്രോഗ്രാം ആരംഭിക്കും. പ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ. സജി പിണര്‍ക്കയില്‍ (സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച്, ഹൂസ്റണ്‍) 'ആത്മീയ ജീവിതം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്കുശേഷം കുറിയാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, റവ. ആദായി ജേക്കബ് കോര്‍ എപ്പിസ്കോപ്പ (പ്രിന്‍സിപ്പല്‍ വൈദിക സെമിനാരി വെട്ടിക്കല്‍) എന്നിവര്‍ തിരുവചനത്തെ അടിസ്ഥാനമാക്കി പഠന ക്ളാസുകള്‍ നടത്തും. വൈകുന്നേരം ഏഴിനു ഫാ. തോമസ് വെങ്കിടത്തിന്റെ ധ്യാനപ്രസംഗവും തുടര്‍ന്ന് സന്ധ്യാ പ്രാര്‍ഥനയും വിശുദ്ധ കുമ്പസാരവും ഉണ്ടായിരിക്കും.

ഏഴിന് (ശനി) രാവിലെ ഏഴിനു പ്രഭാതപ്രാര്‍ഥനയും യല്‍ദോ മാര്‍ തീത്തോസ് അയൂബ് മാര്‍ സില്‍വാനോസ്, കുറിയാക്കോസ് മാര്‍ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്താമാരുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും അര്‍പ്പിക്കും. തുടര്‍ന്ന് സ്നേഹവിരുന്നോടെ ഈ വര്‍ഷത്തെ വൈദിക ധ്യാനയോഗത്തില്‍ പര്യവസാനമാകും. ക്ളര്‍ജി കൌണ്‍സില്‍ അംഗങ്ങളായ വെരി റവ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്കോപ്പാ, വെരി റവ. മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്കോപ്പാ, റവ. ഫാ. ജോര്‍ജ് പരത്തുവയല്‍, റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ്, റവ. ഫാ. സജി മര്‍ക്കോസ്, റവ. ഫാ. ബിനു ജോസഫ് (വികാരി സെന്റ് മേരീസ് ചര്‍ച്ച്, ഹൂസ്റണ്‍) പളളി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ആത്മീയ കൂട്ടായ്മയുടെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങളാണു ചെയ്തുവരുന്നത്. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍