കനത്ത മഞ്ഞുവീഴ്ച അവഗണിച്ച് പുറത്തു വിവാഹമണ്ഡപം ഒരുക്കി
Monday, March 2, 2015 8:10 AM IST
ഫോര്‍ട്ട്വര്‍ത്ത്: നോര്‍ത്ത് ടെക്സസില്‍ ഈ ആഴ്ച അപ്രതീക്ഷിതമായുണ്ടായ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വിദ്യാലയങ്ങളും ഗവണ്‍മെന്റ് സ്ഥാപനങ്ങളും അടഞ്ഞുകിടന്നപ്പോഴും, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹത്തെ തടസപ്പെടുത്തുവാന്‍ മഞ്ഞുവീഴ്ചയ്ക്കായില്ല.

വെളുത്ത പരവതാനി വിരിച്ചതുപോലെ കുമിഞ്ഞു കൂടിയ മഞ്ഞില്‍ കതിര്‍ മണ്ഡപം ഒരുക്കി ക്ളെ ഷെല്‍ ബേണ്‍, പ്രതിശ്രുത വധുവായ ടിഫിണിയെ ഭാര്യയായി സ്വീകരിക്കുന്നു എന്ന മുഖ്യ കാര്‍മികന്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകം ഏറ്റുപറഞ്ഞപ്പോള്‍ എത്തിച്ചേര്‍ന്നിരുന്ന കുടുംബാംഗങ്ങള്‍ക്കും സ്നേഹിതര്‍ക്കും മറക്കാനാവാത്ത സുന്ദര മുഹൂര്‍ത്തമാണു വിവാഹം സമ്മാനിച്ചത്.

വിവാഹതീയതി നിശ്ചയിക്കുമ്പോള്‍ത്തന്നെ ഫെബ്രുവരിയില്‍ ഇത്തരം കാലാവസ്ഥ പ്രതീക്ഷിച്ചതാണെങ്കിലും ഇത്രയും മോശമാകുമെന്നു കരുതിയില്ലെന്ന് ടിഫണി പറഞ്ഞു.

മകളുടെ കൈ ചേര്‍ത്തുപിടിച്ച് വരനെ ഏല്‍പ്പിക്കുന്നതിനു സ്നോയിലൂടെ നടന്നു നീങ്ങിയ പിതാവ് തെന്നി വീഴാതിരിക്കുന്നതിനു കൌ ബോയ് ഷുവാണു ധരിച്ചിരുന്നത്.

പരസ്പരം സ്നേഹിച്ച് വിവാഹതീയതിയും നിശ്ചയിച്ച് ക്രമീകരണങ്ങള്‍ നടത്തിയതിനെ പരാജയപ്പെടുത്താന്‍ പ്രകൃതിയെ അനുവദിച്ചുകൂടാ - വരന്‍ ക്ളെ പറഞ്ഞു. വിവാഹത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ജനിക്കുവാനിരിക്കുന്ന കുട്ടികളോടു പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തണുത്തുറഞ്ഞ അന്തരീക്ഷത്തിലും പരിഭവമില്ലാതെ വിവാഹം ആസ്വദിക്കുവാന്‍ എത്തിച്ചേര്‍ന്നവര്‍ക്കായി എന്നതാണു മറക്കാനാവാത്ത അനുഭവം.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍