കുറഞ്ഞ വേതനം വര്‍ധിപ്പിക്കുന്നതിനു വാള്‍മാര്‍ട്ട് തീരുമാനം
Monday, March 2, 2015 8:09 AM IST
അരിസോണ: അമേരിക്കയിലെ വന്‍ വ്യവസായ ശൃംഖലയായ വാള്‍മാര്‍ട്ടിലെ ജീവനക്കാരുടെ കുറഞ്ഞ വേതനം വര്‍ധിപ്പിക്കണമെന്ന നിരന്തരമായ ആവശ്യം ഒടുവില്‍ വാള്‍മാര്‍ട്ട് ഡിഇഒ ഡഗ് മക്മില്ലന്‍ അംഗീകരിച്ചു.

ഏപ്രില്‍ ഒന്നു മുതല്‍ 5,00,000 വാള്‍മാര്‍ട്ട് ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഫെഡറല്‍ മിനിമം വേജസ് 7.50 ഡോളറാണ്. വാള്‍മാര്‍ട്ട് ജീവനക്കാരുടെ കുറഞ്ഞ വേതനം മണിക്കൂറിന് ഒമ്പതു ഡോളറാക്കുന്നതിനാണു തീരുമാനം.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ളതു വാള്‍മാര്‍ട്ടിനാണ്. അധികം വൈകാതെതന്നെ ജീവനക്കാര്‍ക്ക് 10 ഡോളര്‍ നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്നും സിഇഒ പറഞ്ഞു.

വേതനം വര്‍ധിപ്പിക്കുന്നതോടെ ജീവനക്കാരുടെ ഉത്തരവാദിത്വം ഇരട്ടിയാക്കുമെന്നും കടയില്‍ എത്തുന്ന കസ്റമേഴിസനെ ആകര്‍ഷിക്കുന്നതിനും തൃപ്തിപ്പെടുത്തുന്നതിനും ഇത് ഇടയാക്കുമെന്നും സിഇഒ പ്രത്യാശ പ്രകടിപ്പിച്ചു.

വാള്‍മാര്‍ട്ടിന്റെ തീരുമാനം വ്യാപാര-വ്യവസായ മേഖലകളില്‍ കാര്യമായ ചലനം സൃഷ്ടിക്കും. ടി.ജെ. മാക്സ് ഡോളര്‍ ജനറല്‍ തുടങ്ങിയവരും ജീവനക്കാരുടെ കുറഞ്ഞ വേതനം വര്‍ധിപ്പിക്കുന്നതിനുളള തീരുമാനം അംഗീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍നിന്ന് ആദ്യമായി അമേരിക്കയിലേക്കു വരുന്നവര്‍ക്കു ജോലി നല്‍കുന്നതില്‍ വാള്‍മാര്‍ട്ട് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ വാള്‍മാര്‍ട്ടിനെ ആശ്രയിച്ചാണു ജീവിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍