പ്രവാസിവോട്ടില്‍ പിടിമുറുക്കാന്‍ ഹൈദരലി തങ്ങളും കെ.പി.എ. മജീദും സൌദിയില്‍
Saturday, February 28, 2015 10:39 AM IST
റിയാദ:് ഗള്‍ഫ് നാടുകളിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കെഎംസിസിയിലൂടെ പ്രവാസി വോട്ടവകാശത്തിന്റെ ചുവട് പിടിച്ച് തങ്ങളുടെ വോട്ട് ബാങ്ക് മുഴുവനായും കൈപ്പിടിയില്‍ ഒതുക്കാനായി മുസ്ലിം ലീഗ് നേതൃത്വം ശ്രമങ്ങളാരംഭിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സൌദി സന്ദര്‍ശനാര്‍ഥം ഇന്ന് ദമാമിലും ജിദ്ദയിലുമായെത്തുന്നു.

കിഴക്കന്‍ പ്രവിശ്യാ ആസ്ഥാനമായ ദമാമിലെത്തുന്ന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളും ജിദ്ദയിലെത്തുന്ന ജന. സെക്രട്ടറി കെ.പി.എ മജീദും റിയാദ്, അബഹ, ബുറൈദ തുടങ്ങിയ കെഎംസിസി ശക്തികേന്ദ്രങ്ങളില്‍ പര്യടനം നടത്തി തങ്ങളുടെ മുഴുവന്‍ അംഗങ്ങളും അനുഭാവികളും അടുത്തു വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗിന് വോട്ട് ചെയ്യാന്‍ സജ്ജരാണെന്നുറപ്പ് വരുത്തും.

ഇതിന്റെ ഭാഗമായി കെഎംസിസി നാഷണല്‍ കമ്മിറ്റി ഓഗസ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ നീണ്ടു നില്‍ക്കുന്ന ദ്വൈമാസ മെംബര്‍ഷിപ്പ് കാമ്പയിനും പ്രഖ്യാപിച്ചിട്ടുണ്ട്. സൌദിയിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കെഎംസിസിക്ക് ഇവിടെ മൂന്ന് ലക്ഷത്തിലധികം അംഗങ്ങളുണ്െടന്നാണ് നാഷണല്‍ കമ്മിറ്റി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ വരുന്ന പൊതു തെരഞ്ഞെടുപ്പുകളില്‍ പ്രവാസികളുടെ വോട്ട് മുസ്ലീം ലീഗിനു സ്വാധീനമുള്ള മലബാര്‍ മേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തും.

പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും കൂടാതെ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ മുസ്ലിം ലീഗ് നേതാക്കള്‍ സൌദി അറേബ്യ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്െടന്നു നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. സെപ്റ്റംബര്‍ അവസാനം മെംബര്‍ഷിപ്പ് കാമ്പയിന്‍ അവസാനിച്ചശേഷം ഒക്ടോബറില്‍ ഏരിയ കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പും നവംബര്‍, ഡിസംബറിലായി യഥാക്രമം സെന്‍ട്രല്‍ കമ്മിറ്റി, നാഷണല്‍ കമ്മിറ്റി തെരഞ്ഞെടുപ്പുകളും നടക്കും. ഭാരവാഹി തെരഞ്ഞെടുപ്പുകള്‍ ഏകകണ്ഠമായി സമവായത്തിലൂടെ നടത്താനാണ് മുസ്ലിം ലീഗ് നേതൃത്വം താത്പര്യപ്പെടുന്നതെങ്കിലും ചിലയിടങ്ങളില്‍ വാശിയേറിയ മത്സരത്തിനും കളമൊരുങ്ങാന്‍ സാധ്യതയുണ്െടന്നറിയുന്നു.

കെഎംസിസിയുടെ സഹകരണത്തോടെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം വിജയകരമായി നടപ്പാക്കുന്ന പാണക്കാട് ശിഹാബ് തങ്ങള്‍ കാരുണ്യ ഭവനങ്ങളായ ബൈത്തുറഹ്മയ്ക്ക് സൌദി അറേബ്യയിലെ വിവിധ കെഎംസിസി യൂണിറ്റുകളില്‍നിന്നു നല്ല പ്രതികരണമാണു ലഭിച്ചത്. 400ല്‍ അധികം വീടുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി സൌദി കെ.എം.സി.സി യൂണിറ്റുകള്‍ നിര്‍മിച്ചുനല്‍കുന്നുണ്ട്. ഇതില്‍ നൂറോളം വീടുകളുടെ പണി ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു.

മുസ്ലീം ലീഗ് നേതൃത്വത്തിന്റെ കാമ്പയിന്‍ മനസിലാക്കിയ മറ്റു രാഷ്ട്രീയ പാര്‍ട്ടികളും പ്രവാസിവോട്ടുകള്‍ പരമാവധി തങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്െടന്നാണ് അറിയുന്നത്. കേളി, നവോദയ, ന്യൂ ഏജ് തുടങ്ങിയ ഇടത് ആഭിമുഖ്യമുള്ള പ്രവാസിസംഘടനകളും ഒഐസിസി തുടങ്ങിയ സംഘടനകളും തങ്ങളുടെ മാതൃസംഘടകളുടെ പ്രമുഖ നേതാക്കളെ ഇതേ ലക്ഷ്യത്തോടെ സൌദി സന്ദര്‍ശനത്തിന് ക്ഷണിക്കാനുള്ള തയാറെടുപ്പിലാണ്. പ്രവാസി വോട്ടവകാശമെന്ന പ്രവാസലോകത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട മുറവിളി യാഥാര്‍ഥ്യമാകുന്നതോടെ പൊതുതെരഞ്ഞെടുപ്പുകളുടെ ആരവങ്ങള്‍ ഇവിടേയും മുഴങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍