കേന്ദ്ര ബജറ്റ് സാധാരണക്കാരെയും പ്രവാസികളെയും അവഗണിച്ചു: കേളി
Saturday, February 28, 2015 10:36 AM IST
റിയാദ്: റെയില്‍വേ ബജറ്റിന്റെ കാര്യത്തിലെന്നപോലെ മോദി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ പൊതു ബജറ്റിലും കേരളത്തോടു മാത്രമല്ല സാധാരണജനങ്ങളോടും പ്രവാസികളോടും കടുത്ത അവഗണനയാണ് കാണിച്ചിരിക്കുന്നതെന്നും അധികാരത്തിലെത്താന്‍ കോര്‍പറേറ്റുകള്‍ ചെയ്ത സഹായത്തിനുള്ള ഉപകാരസ്മരണയാണ് ഈ ബജറ്റെന്നും കേളി സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തെ രൂക്ഷമായ വിലക്കയറ്റം തടയാനുള്ള യാതൊരു നിര്‍ദ്ദേശവും ബജറ്റിലില്ല. എയിംസ് തുടങ്ങിയ പദ്ധതികള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും പരിഗണിക്കാതിരുന്നത് കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ കടുത്ത അവഗണനയാണു പ്രതിഫലിപ്പിക്കുന്നത്. കോര്‍പറേറ്റുകള്‍ക്കു നികുതിയിളവ് നല്‍കുന്നതിലൂടെയും തുറമുഖങ്ങളിലും റെയില്‍വെയിലും ഉള്‍പ്പെടെ വിദേശ നിക്ഷേപം അനുവദിക്കുന്നതിലൂടെയും സബ്സിഡി വെട്ടികുറയ്ക്കുന്നതും സ്വകാര്യവത്കരണമാണ് എല്ലാത്തിനും ഒറ്റമൂലിയായി മോദി സര്‍ക്കാര്‍ കാണുന്നത് എന്നതിനാലാണ്.

ചെലവുചുരുക്കലിന്റെയും കാര്യക്ഷമതയുടെയും കാര്യം പറഞ്ഞ് പ്രവാസികള്‍ക്കായി ഒരു പ്രത്യേക മന്ത്രാലയംതന്നെ വേണ്െടന്ന തീരുമാനത്തില്‍ തുടങ്ങിയ പ്രവാസികളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണന പൊതു ബജറ്റിലൂടെ ഒരിക്കല്‍ക്കൂടി പുറത്തു വന്നിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവസികള്‍ക്കായും പ്രവാസി പുനരധിവാസത്തിനായും നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നെങ്കിലും ഒന്നും തന്നെ പ്രാവര്‍ത്തികമാക്കിയിരുന്നില്ല. എന്നാല്‍, മോദി സര്‍ക്കാര്‍ പൊതു ബജറ്റില്‍ പ്രവാസികളുടെ കാര്യം പരാമര്‍ശിക്കുന്നുപോലുമില്ല. പ്രവാസി സര്‍വകലാശാല, പ്രവാസി പുനരധിവാസ ക്ഷേമപദ്ധതികള്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ പ്രവാസികള്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നെങ്കിലും നിരാശയാണു ഫലം. ഇതിനെതിരേ പ്രവാസിസമൂഹം ഒന്നടങ്കം ശക്തമായി പ്രതിഷേധിക്കണമെന്നും കേളി സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

വിദേശ നിക്ഷേപവും സ്വകാര്യവത്കരണവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ കുറേക്കൂടി ശക്തമായി നടപ്പാക്കാനുള്ള പദ്ധതികളാണു പൊതുബജറ്റിലൂടെ മറനീക്കി പുറത്തുവന്നിരിക്കുന്നതെന്നു പ്രസ്താവന കുറ്റപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍