'മലങ്കര സഭയിലെ രണ്ടു സഭാ വിഭാഗങ്ങളുടെയും ഐക്യമാണ് മലങ്കര സഭയില്‍ സമാധാനം പുനഃസ്ഥാപിക്കുവാനുള്ള ഏക മാര്‍ഗം'
Saturday, February 28, 2015 10:34 AM IST
ന്യൂയോര്‍ക്ക്: മലങ്കര സഭാ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം മാറി സമാധാനം കൈവരുത്തുക എന്നത് സഭയുടെ പ്രാഥമികമായ ലക്ഷ്യമാണ്. സമാധാനം എന്ന പദംകൊണ്ട് അര്‍ഥമാക്കുന്നതു ഭിന്നതയില്‍ കഴിയുന്ന വിശ്വാസസമൂഹത്തിന്റെ ഐക്യമാണ്. അടുത്തകാലത്ത് കേരളം സന്ദര്‍ശിച്ച അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവാ സഭയില്‍ ഇന്നു നിലില്‍ക്കുന്ന ഭിന്നത, സഭയെ സംബന്ധിച്ച് ദുരന്തമാണെന്നും അതിനുള്ള പരിഹാരം ഐക്യമാണ് എന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചിരുന്നു. ഈ നിലപാടിനെ മലങ്കര എപ്പിസ്കോപ്പല്‍ സുന്നഹദോസ് സ്വാഗതം ചെയ്യുന്നു. സഭാ സമാധാനം സഭയുടെ ജീവിതസാക്ഷ്യമായി മനസിലാക്കുകയും അതിനുള്ള ഏകമാര്‍ഗം ഒരേ വിശ്വാസമുള്ള മലങ്കര സഭയിലെ രണ്ടു സഭാ വിഭാഗങ്ങളുടെയും ഐക്യമാണ് എന്ന് സുന്നഹദോസ് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്നു.

ഐക്യം സൃഷ്ടിക്കുന്നതിനും നിലനിര്‍ത്തുന്നതിനും നിയമസാധ്യതയുള്ള മാര്‍ഗരേഖ ആവശ്യമാണ്. അതിനായി ഇരുകൂട്ടരും മലങ്കര സഭയെ സംബന്ധിച്ച 1995ലെ സുപ്രീംകോടതി വിധിയും കോടതി അംഗീകരിച്ച 1934ലെ സഭാ ഭരണഘടനയും ഐക്യത്തിന്റെ ചട്ടക്കൂട്ടായി സ്വീകരിക്കുക. ഇതിനുള്ളിലായിരിക്കണം സഭാ ഐക്യം യാഥാര്‍ഥ്യമാകേണ്ടത്. എങ്കില്‍ മാത്രമേ ഐക്യത്തിനു നിയമസാധുതയും സമാധാനത്തിനു നിലനില്‍പ്പും ഉണ്ടാകൂ എന്നും സുന്നഹദോസ് വിലയിരുത്തുന്നു.

1934ലെ മലങ്കര സഭാ ഭരണഘടനയും 1995ലെ സുപ്രീംകോടതി വിധികളും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായും ഔപചാരികമായി അംഗീകരിക്കേണ്ടതുണ്ട്. മേല്‍പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ സഭാ ഐക്യം പുഃസ്ഥാപിക്കുവാന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ സമ്മതിക്കുന്നപക്ഷം മലങ്കരസഭ, ഐക്യത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.

ദൈവത്തില്‍ ആശ്രയിച്ച് ഐക്യമത്യത്തോടെ സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കായി പ്രവര്‍ത്തിച്ച് മുന്നേറണമെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്റെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു കാതോലിക്കാ ബാവാ.

ഫെബ്രുവരി 23നു ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ച യോഗം 27നു സമാപിച്ചു.

കോട്ടയം വൈദീക സെമിനാരിയുടെയും നാഗ്പൂര്‍ സെമിനാരിയുടെയും വൈസ്പ്രസിഡന്റുമാരായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവരെ നിയമിക്കാനും ഫാ. ഡോ. ജേക്കബ് കുര്യന്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ഒഴിവിലേക്കു ഫാ. ഡോ. ഒ. തോമസിനെ കോട്ടയം പഴയ സെമിനാരി പ്രിന്‍സിപ്പലായി നിയമിക്കാനും സുന്നഹദോസ് തീരുമാനിച്ചു.

സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. എബ്രഹാം മാര്‍ സെറാഫിം (ബംഗളൂരു ഭദ്രാസനം), ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് (അഹമ്മദാബാദ്), കുര്യാക്കോസ് മാര്‍ ക്ളീമ്മിസ് (തുമ്പമണ്‍), ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് (നിലയ്ക്കല്‍), ഡോ. യാക്കോബ് മാര്‍ ഏലിയാസ് (ബ്രഹ്മവാര്‍) എന്നിവര്‍ ധ്യാനം നയിച്ചു.

ഫാ. ഡോ. ജേക്കബ് കുര്യന്‍ (കോട്ടയം വൈദീക സെമിനാരി), ഫാ. ഡോ. ബിജേഷ് ഫിലിപ്പ് (നാഗ്പൂര്‍ സെമിനാരി), ഫാ. ഔഗേന്‍ റമ്പാന്‍ (പരുമല സെമിനാരി), ഫാ. എം.സി. പൌലോസ് (പരുമല ആശുപത്രി) എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. സഖറിയാസ് മാര്‍ അപ്രേം അവതരിപ്പിച്ച വനിതാ സമാജം ഭരണഘടനയും വൈദീകര്‍ക്കായുള്ള സാമ്പത്തിക സഹായപദ്ധതിയുടെ നിയമാവലിയും ഫാ. അശ്വിന്‍ ഫെര്‍ണാണ്ടസ് അവതരിപ്പിച്ച എക്യുമിക്കല്‍ റിലേഷന്‍സ് വകുപ്പ് റിപ്പോര്‍ട്ടും യോഗം അംഗീകരിച്ചു. ഈജിപ്റ്റ്, സിറിയ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളില്‍ മതതീവ്രവാദികള്‍ നടത്തുന്ന മുഷ്യക്കുരുതിയില്‍ യോഗം ആശങ്ക അറിയിച്ചു.

കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഐഎഎസ്, ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഓഫ് ക്രിസ്ത്യന്‍ വിമന്‍ പ്രസിഡന്റ് ഡോ. സാറാമ്മ വര്‍ഗീസ് എന്നിവരെ അനുമോദിച്ചു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം