ചെറുകാട് അനുസ്മരണം
Saturday, February 28, 2015 10:03 AM IST
ബംഗളൂരു: ജ്വാല പുരോഗമന സാമൂഹിക കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ചെറുകാട് അനുസ്മരണം ഫെബ്രുവരി 15 ന് വൈകുന്നേരം നാലിന് സമ്പങ്കിരാമനഗര്‍ പോലീസ് സ്റ്റേഷനു സമീപമുള്ള സൂരിഭവന്‍ ഹാളില്‍ അരങ്ങേറി. സുരേഷ് കോടൂര്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 'ചെറുകാടും പുരോഗമനസാഹിത്യവും' എന്ന വിഷയത്തില്‍ കെ.പി. രമണന്‍ മാസ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പോരാട്ടത്തിന്റെ സംഘഗാഥയാണ് ചെറുകാടിന്റെ സാഹിത്യമെന്നും പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും കൂടെയാണ് സാഹിത്യകാരന്മാര്‍ നിലകൊള്ളേണ്ടതെന്നും ഐക്യബോധം, കുടുംബം, ബന്ധങ്ങള്‍ എന്നിവ സാമൂഹിക വികാസത്തിന്റെ അടിസ്ഥാനമാണെന്നും കെ.പി. രമണന്‍ മാസ്റര്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍, വിലാസിനി രവീന്ദ്രന്‍ തന്റെ ബന്ധു കൂടിയായ ചെറുകാടിന്റെ ഓര്‍മകള്‍ പങ്കുവച്ചു. ടി.എന്‍.എം. നമ്പ്യാര്‍, സതീഷ് തൊട്ടശേരി, ജേക്കബ്, ടി.എം.പി. നമ്പീശന്‍, വി.എന്‍.എസ്. കാലടി, എം.പി. മോഹന്‍ദാസ്, താമിനാഥന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്പാര്‍ട്ടക്കസ് എന്ന നാടകത്തിലെ അഭിനേതാക്കളായ രതീഷ്, രേഷ്മ, നാടകത്തിന്റെ നിശ്ചലഛായാഗ്രാഹകന്‍ ശ്രീജിത്, ഗായകന്‍ പ്രതീഷ് എന്നിവര്‍ക്കു രമണന്‍ മാസ്റര്‍ സമ്മാനങ്ങള്‍ നല്കി. കെ. ദാമോദരന്‍, സന്തോഷ് മാരാത്ത്, ഉണ്ണി എന്നിവര്‍ നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. പി. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പൊതുകാര്യദര്‍ശി വല്ലപ്പുഴ ചന്ദ്രശേഖരന്‍ കൃതജ്ഞതയര്‍പ്പിച്ചു.