ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ഹൃദ്യമായി
Friday, February 27, 2015 10:15 AM IST
റിയാദ്: മലയാളത്തിലെ പ്രമുഖ പാട്ടെഴുത്തുകാരനും കവിയുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ സ്മരണാര്‍ഥം റിയാദ് മ്യുസിക് ക്ളബ് ഒരുക്കിയ ഓര്‍മകളില്‍ ഗിരീഷ് പുത്തഞ്ചേരി എന്ന പരിപാടി കലാസ്വാദകരുടെ മനം കവര്‍ന്നു.

ഗിരീഷ് പുത്തഞ്ചേരി മലയാളത്തിനു സമ്മാനിച്ച മെലഡി ഗാനങ്ങള്‍ കോര്‍ത്തിണക്കിയ പരിപാടിയില്‍ റിയാദിലെ പ്രമുഖ ഗായികാഗായകന്‍മാര്‍ ഗാനമാലപിച്ചു. അലക്സ് അധ്യക്ഷത വഹിച്ച അനുസ്മരണചടങ്ങ് ഷാജഹാന്‍ താജ് ഉദ്ഘാടനം ചെയ്തു. സക്കീര്‍ മണ്ണാര്‍മല ആമുഖപ്രസംഗവും ഷാജഹാന്‍ എടക്കര സ്വാഗതവും പറഞ്ഞു. റിയാദിലെ എല്ലാ ഗായകരേയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംഘടനയെന്ന് സക്കീര്‍ മണ്ണാര്‍മല പറഞ്ഞു. വളര്‍ന്നു വരുന്ന കൊച്ചു കലാകാരന്‍മാര്‍ക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കും. റിയാദിലുള്ള കലാകാരന്‍മാര്‍ക്കുവേണ്ട പ്രോത്സാഹനം നല്‍കാതെ ജിദ്ദയില്‍ നിന്നും ദമാമില്‍ നിന്നുമെല്ലാം പാട്ടുകാരെ കൊണ്ടുവന്നു പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നു ചടങ്ങില്‍ സംസാരിച്ച നാസര്‍ കല്ലറ പറഞ്ഞു.

ഗിരീഷ് പുത്തഞ്ചേരിയെ അനുസ്മരിച്ചുകൊണ്ടു സാംസ്കാരിക പ്രവര്‍ത്തകനായ അഹമ്മദ് മേലാറ്റൂര്‍ പ്രസംഗിച്ചു. റിയാദിലെ പ്രവാസലോകത്തുനിന്നു വളര്‍ന്നുവന്നു മലയാളക്കരയാകെ പ്രശസ്തരായ ഹിഷം അബ്ദുള്‍ വഹാബ്, കീര്‍ത്തന ഗിരിജന്‍, ഹിബ ബഷീര്‍, ഹിബ അബ്ദുസലാം എന്നിവരുടെ രക്ഷിതാക്കളെ ചടങ്ങില്‍ ആദരിച്ചു. ഫിറോസ് പത്തനാപുരം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍