ജര്‍മനിയിലെ കൊലയാളി നഴ്സിനു ജീവപര്യന്തം ശിക്ഷ
Friday, February 27, 2015 6:17 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ കൊലയാളി നഴ്സിനെ ജീവപര്യന്തം ശിക്ഷിച്ചു. ഓള്‍ഡന്‍ബുര്‍ഗ് ജില്ലാകോടതിയിലാണു കേസിന്റെ വിചാരണ നടന്നതും ശിക്ഷ വിധിച്ചതും.മുപ്പതിലധികം രോഗികളെ അമിതമായി മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയ നഴ്സ് നീല്‍സ് എച്ച് കോടതിയില്‍ ഖേദപ്രകടനം നടത്തിയെങ്കിലും കോടതി ഇതിനൊന്നും ചെവികൊടുക്കാതെ ജീവപ്യന്തം ശിക്ഷ വിധിയ്ക്കുകയാണുണ്ടായത്.

ഇപ്പോള്‍ 3 പേരെ കൊന്ന കേസിലും 2 പേരെ കൊല്ലാന്‍ ശ്രമിച്ച കേസിലുമാണ് വിചാരണ നടന്നത്. ഇതുകൂടാതെ നൂറിലധികം പേരെ കൊന്നു എന്ന കേസും ഇയാളില്‍ ചുമത്തിയിട്ടുണ്ട്. 2003 നും 2005നും ഇടയിലാണു കൊലപാതകങ്ങള്‍ നടത്തിയത്. മറ്റൊരു കേസിന്റെ പേരില്‍ 2008ല്‍ വിചാരണ നടത്തി ഏഴരവര്‍ഷം ശിക്ഷിച്ചുവെങ്കിലും മുന്‍ കൊലപാതകങ്ങളുടെ ചുരുളുകള്‍ പോലീസ് അനേഷിച്ച് വീണ്ടും കോടതിയിലെത്തിച്ചാണ് ഇയാള്‍ക്ക് ഇപ്പോള്‍ ജീവപര്യന്തം ശിക്ഷ ലഭിയ്ക്കുന്നത്.
ആത്മാര്‍ഥമായി മാപ്പു ചോദിക്കുന്നു എന്നു മുപ്പത്തെട്ടുകാരനായ പ്രതി പറഞ്ഞിരുന്നു. ഹൃദയ പ്രശ്നങ്ങള്‍ക്കുള്ള മരുന്നാണ് ഇയാള്‍ അമിതമായി നല്‍കുവന്നത്. ഹൃദയം പൂര്‍ണമായി നിലച്ച ശേഷം ചില രോഗികള്‍ക്കു ജീവിതത്തിലേക്കു തിരിച്ചു വരാന്‍ സാധിക്കും. ഇതു തനിക്കു വലിയ ആവേശം നല്‍കിയിരുന്നു എന്ന് ഇയാള്‍ പറഞ്ഞു. ആളുകള്‍ മരിക്കുമ്പോള്‍ ഇതു നിര്‍ത്താം എന്നു കരുതി എന്നും ഇയാള്‍ കോടതിയില്‍ സമ്മതിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍