ജര്‍മനിയില്‍ വീട്ടുവാടകയ്ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഉറപ്പായി
Thursday, February 26, 2015 10:18 AM IST
ബര്‍ലിന്‍: ദീര്‍ഘകാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന, വീട്ടുവാടക നിയന്ത്രണ ബില്ലിനു ജര്‍മനിയിലെ ഭരണമുന്നണി അംഗീകാരം നല്‍കി. വാടകവീടുകള്‍ക്ക് ആവശ്യക്കാര്‍ ഏറി വരുകയും വീടുകളുടെ ലഭ്യത കുറഞ്ഞുവരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വന്‍തോതിലുള്ള വര്‍ധനയാണു വാടകയിനത്തില്‍ വരുന്നത്. ഇതു നിയന്ത്രിക്കുകയാണു ബില്ലിന്റെ ലക്ഷ്യം.

നിയമനിര്‍മാണം സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ഓഫിസില്‍ കൂടിയ യോഗം നാലു മണിക്കൂര്‍ ദീര്‍ഘിച്ചു.

കരട് നിയമത്തിലെ വ്യവസ്ഥയനുസരിച്ച്, ശരാശരി പ്രാദേശിക വാടകയുടെ പത്തു ശതമാനം മാത്രം വര്‍ധനയാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള പ്രദേശങ്ങള്‍ അനുവദിക്കപ്പെടുക. ഫ്ളോര്‍ സ്പേസിന്റെ സ്ക്വയര്‍ മീറ്റര്‍ കണക്കാണ് ഇതിനു പരിഗണിക്കുക.

പുതുതായി നിര്‍മിച്ച വീടുകള്‍ക്കും ഗണ്യമായ പുതുക്കിപ്പണിയല്‍ നടത്തിയവയ്ക്കും നിയമത്തില്‍നിന്ന് ഇളവു നല്‍കും. പ്രാദേശിക വാടകയുടെ ശരാശരിയും ഡിമാന്‍ഡും മറ്റും കണക്കാക്കുക എന്നതു സ്റേറ്റുകളുടെ ചുമതലയായിരിക്കും.

ഇതിനൊപ്പം, എസ്റേറ്റ് ഏജന്റുമാരുടെ ഫീസ് നല്‍കാനുള്ള ഉത്തരവാദിത്വം വാടകയ്ക്ക് വീട് എടുക്കുന്നവരില്‍നിന്നു മാറ്റി, വീട്ടുടമകളുടേതാക്കുകയും ചെയ്യും. എന്നാല്‍, വാടക വീട് കണ്ടെത്താന്‍ ബ്രോക്കറെ ഹയര്‍ ചെയ്യുന്നതിന് ആവശ്യക്കാര്‍തന്നെ ഫീസ് നല്‍കണം. സര്‍ക്കാരിന്റെ പുതിയ വാടക നിയന്ത്രണം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ സഹായകമാവും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍