വര്‍ണക്കാഴ്ചകളൊരുക്കി നവോദയ 'ദൃശ്യകേളി 2015' കൊടിയിറങ്ങി
Thursday, February 26, 2015 7:24 AM IST
ദമാം: മാനവികതയുടെ മഹത്തായ സന്ദേശവും മാതൃഭാഷയായ മലയാളവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു നവോദയ ദമാം ടൌണ്‍ ഒരുക്കിയ ദൃശ്യകേളി കലാ,സാംസ്കാരിക സായാഹ്നം ജനപങ്കാളിത്തംകൊണ്ടും കലാപരിപാടികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. പ്രമുഖ ഹാസ്യതാരം ഹരിശ്രീ മാര്‍ട്ടിനും കലാഭവന്‍ നസീബും നടത്തിയ ഹാസ്യവിരുന്ന് പരിപാടിക്കു മാറ്റുകൂട്ടി.

സാംസ്കാരിക സമ്മേളനം പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ പി.പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇടശേരിയുടെയും ഇമ്പച്ചിബാവയുടെയും തന്റേയും നാടായ പൊന്നാനിയുടെ സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തന മാതൃകകള്‍ അന്യമാകുന്നതിലെ ആശങ്കകള്‍ പങ്കുവച്ച അദ്ദേഹം അമിതമായ സ്വകാര്യവത്കരണത്തിന്റെ ഫലമായി 'വൈകുന്നേരം എടുത്തുവയ്ക്കാന്‍ മറക്കുന്ന കിണ്ടി' കളവുപോകുന്നതുപോലെയാണു നാട്ടിലെ കുന്നുകളും പുഴകളും അപ്രത്യക്ഷമാകുന്നതെന്നും മലയും ആഴവും ചേര്‍ന്ന കേരളത്തിന്റെ പ്രകൃതിവൈവിധ്യം ഇടിച്ചു നിരത്തപ്പെടുമ്പോള്‍ മലയാളം ഓര്‍മയായി മാറുമെന്നും കേരളത്തിലെ ഭൂമാഫിയകളുടെ പ്രവര്‍ത്തനങ്ങളെ സൂചിപ്പിച്ചുകൊണ്ട് രാമചന്ദ്രന്‍ പറഞ്ഞു. സാംസ്കാരിക ചര്‍ച്ചകള്‍ അന്യമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് അതിനെ തിരിച്ചു പിടിക്കുന്നതിനുകൂടിയായിരിക്കണം ഇത്തരം സാംസ്കാരികസംഗമങ്ങള്‍ എന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. കാറ്റേ കടലേ എന്ന പ്രശസ്തമായ കവിത ചൊല്ലിക്കൊണ്ടാണു സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

പ്രോഗ്രാം കണ്‍വീനറും ദമാം ടൌണ്‍ ഏരിയ സെക്രട്ടറിയുമായ മനേഷ് പുല്ലുവഴി സ്വാഗതം പറഞ്ഞ സാംസ്കാരിക സമ്മേളനത്തില്‍ പ്രോഗ്രാം ചെയര്‍മാനും കേന്ദ്രകമ്മിറ്റി ട്രഷററുമായ സുധീഷ് തൃപയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം എന്നിവര്‍ സാംസ്കാരിക സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ക്ളിക്കോണ്‍, 050 മൊബൈല്‍, അവര്‍ സ്റീല്‍ എന്നിവര്‍ മുഖ്യ പ്രായോജകരായ ദൃശ്യകേളി 2015ന് ഏരിയ ട്രഷറര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം