സിംഗപ്പൂരില്‍ വാര്‍ഷിക ധ്യാനം നടത്തി
Thursday, February 26, 2015 7:18 AM IST
സിംഗപ്പൂര്‍: ഫെബ്രുവരി 19 മുതല്‍ 22 വരെ തീയതികളില്‍ ഹോളി ഇന്നസെന്റ് ഹൈസ്കൂളില്‍ ഫാ. ജോബി മുട്ടത്തിലിന്റെ നേതൃത്വത്തില്‍ വയനാട്, ലാ സലെറ്റ് മരിയന്‍ ധ്യാനകേന്ദ്രത്തില്‍നിന്നുമുള്ള ടീം സിംഗപ്പൂര്‍ മലയാളികള്‍ക്കായി വാര്‍ഷിക ധ്യാനം നടത്തി.

മലയാളം കമ്മീഷന്‍ മുന്നിട്ടു നടത്തിയ ധ്യാനത്തില്‍ ഏകദേശം 700 മുതിര്‍ന്നവരും 350 കുട്ടികളും ദൈവനാമത്തില്‍ ഒറ്റ സമൂഹമായി പങ്കെടുത്തു. ആത്മീയ നവീകരണത്തിനായി പങ്കെടുത്ത വിശ്വാസികള്‍ അനുഗ്രഹീതരായി മടങ്ങി.

ഒന്നാം ദിവസവും മൂന്നാം ദിവസവും സീറോ മലബാര്‍ റീത്തിലും രണ്ടാം ദിവസവും സമാപന ദിവസവും ലാറ്റിന്‍ റീത്തിലും ദിവ്യബലി അര്‍പ്പിച്ചു. സമാപന ദിവസമായ 22 ന് സിംഗപ്പൂര്‍ അതിരൂപതാധ്യക്ഷനായ റവ. ഡോ. വില്യം ഗോയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ മലയാളി സമൂഹത്തിനു നല്‍കിയ സന്ദേശത്തില്‍ മലയാളം കമ്മീഷന്‍ രൂപവത്കരിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും എല്ലാ മലയാളി കത്തോലിക്കരും കമ്മീഷന്റെ കീഴില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോ. വില്യം ഗോ വിശദീകരിച്ചു.

വിവിധ റീത്തുകളില്‍പ്പെട്ട മലയാളി കത്തോലിക്കര്‍ക്കുവേണ്ടി സിംഗപ്പൂര്‍ അതിരൂപത മുന്നിട്ടിറങ്ങി രൂപീകരിച്ച മലയാളം കമ്മീഷന്‍ 2014ല്‍ രൂപം കൊണ്ടു. എൃ. ഠലൃലിരല ജലൃലശൃമ എപ്പിസ്കോപ്പല്‍ വികാരിയായും, ഫാ. സലിം ജോസഫ് ഒഎഫ്എം ഒഫീഷ്യല്‍ ചാപ്ളെയിനായും നിയമിതനായി.

എല്ലാ വാരാന്ത്യത്തിലും ലാറ്റിന്‍ റീത്തിലും സീറോ മലബാര്‍ റീത്തിലും കുര്‍ബാനകള്‍ നടത്തുന്നതിനോടൊപ്പംതന്നെ, ആദ്യ കുര്‍ബാന സ്വീകരണം പോലെയുള്ള കൂദാശകര്‍മങ്ങളും മലയാളം കമ്മീഷന്‍ മലയാളികള്‍ക്കായി മാതൃഭാഷയില്‍ ഒരുക്കുന്നു.

റിപ്പോര്‍ട്ട്: കെവിന്‍സ് ആന്റണി