ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് വിദേശയാത്രയ്ക്കു വിലക്ക്: ഒഐസിസി നിവേദനം നല്‍കി
Thursday, February 26, 2015 7:16 AM IST
ദമാം: ഏപ്രില്‍, മേയ് മാസങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ വിദേശ രാജ്യങ്ങളില്‍ പോകുന്നതിനു ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് വിലക്കേര്‍പ്പെടുത്തി. മാര്‍ച്ചില്‍ വെക്കേഷന്‍ ആരംഭിക്കുന്നതിനാല്‍ വിദേശരാജ്യങ്ങളില്‍ ജോലിയുള്ള നിരവധി ആളുകള്‍ ഈ മാസങ്ങളില്‍ കുടുംബാംഗങ്ങളെ തങ്ങളുടെ ജോലി സ്ഥലങ്ങളിലേക്കു കൊണ്ടുവരാറുണ്ട്. വാര്‍ഷിക അവധിയില്‍ നാട്ടില്‍ പോകുന്ന പലര്‍ക്കും തുച്ഛമായ അവധി ദിവസങ്ങളാണു കുടുബത്തോടൊപ്പം ചെലവഴിക്കാന്‍ ലഭിക്കുന്നത്.

ഏപ്രില്‍, മേയ് മാസങ്ങളില്‍ ലഭിക്കുന്ന ഈ അവധി ദിനങ്ങളില്‍ കുടുബാംഗങ്ങളെ ജോലി സ്ഥലങ്ങളിലേക്കു കൊണ്ടുവരികയാണ് പലരും ചെയ്യുന്നത്. എന്നാല്‍, പരീക്ഷ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ അധ്യാപകരുടെ എണ്ണം കുറയുന്നു എന്ന കാരണം പറഞ്ഞുകൊണ്ടു ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് വിദേശ യാത്രയ്ക്ക് അനുമതിക്ക് അപേക്ഷിക്കുന്ന അധ്യാപകര്‍ക്ക് എന്‍ഒസി നല്‍കുകയോ അവരുടെ അപേക്ഷകള്‍ ഡയറക്ടറേറ്റിലേക്ക് അയയ്ക്കുകയോ ചെയ്യാന്‍ പാടില്ലെന്നു കാണിച്ചു സര്‍ക്കുലര്‍ അയച്ചു. അധ്യാപകര്‍ക്കു വിദേശ യാത്രാനുമതി നിഷേധിക്കുന്ന ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ തീരുമാനം പ്രവാസി കുടുബംഗങ്ങളോടുള്ള നീതി നിഷേധമാണെന്ന് ഒഐസിസി ദമാം റീജണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. നിലവില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാക്കപ്പെടുന്നവര്‍ക്കു മാത്രമാണു വിദേശങ്ങളില്‍ യാത്ര ചെയ്യുന്നതി}ു നിയന്ത്രണമുള്ളത്, ഹയര്‍ സെക്കന്‍ഡറി അധ്യാപകരെയും ഇപ്പോള്‍ ഇതേ കാറ്റഗറിയില്‍പ്പെടുത്തുന്നതിന് സമാനമാണ് ഈ തീരുമാനം എന്ന് ഒഐസിസി ദമാം റീജണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല പറഞ്ഞു. വിദേശ രാജ്യങ്ങളിലേക്കു വെക്കേഷന്‍ സമയങ്ങളില്‍ യാത്ര നടത്തുന്നതു തുച്ഛമായ ആളുകള്‍ മാത്രമാണ്. രേഖകള്‍ പരിശോധിച്ചാല്‍ സര്‍ക്കാരിന് ഇതു മനസിലാക്കാന്‍ കഴിയും. മൂല്യനിര്‍ണയത്തിന്റെ പേരു പറഞ്ഞു ഇത്തരം കാടന്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതു മനുഷ്യാവകാശ ലംഘനമാണ്. ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒഐസിസി ദമാം റീജണല്‍ കമ്മിറ്റി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയതായും ബിജു കല്ലുമല അറിയിച്ചു. പ്രവാസി സമൂഹത്തില്‍ ഉയരുന്ന എതിര്‍പ്പ് കണക്കിലെടുത്ത് തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും ഒഐസിസി ദമാം റീജണല്‍ കമ്മിറ്റി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം