ഇരുപതിന്റെ പുതിയ യൂറോ കറന്‍സി നവംബറില്‍ വിപണിയില്‍
Wednesday, February 25, 2015 10:13 AM IST
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്റെ പൊതുനാണയമായ യൂറോയുടെ ഇരുപതിന്റെ പുതിയ കറന്‍സി പുറത്തിറക്കുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് മാരിയോ ഡ്രാഗി ഫ്രാങ്ക്ഫര്‍ട്ടില്‍ വെളിപ്പെടുത്തി. ഇരുപതിന്റെ രണ്ടാം തലമുറ നടപ്പുവര്‍ഷം നവംബര്‍ 25 മുതലാണ് വിപണിയിലെത്തുന്നത്.

യൂറോയുടെ യൂറോപ്പ് സീരിയലിന്റെ മൂന്നാം സ്ഥാനമാണ് ഇരുപതിനുള്ളത്. 2013 മേയില്‍ അഞ്ചിന്റെ കറന്‍സിയും 2014 സെപ്റ്റംബറില്‍ പത്തിന്റെ പുതിയ കറന്‍സിയും വിപണിയില്‍ എത്തിയിരുന്നു.

പുതിയ പതിപ്പിന്റെ വ്യാജന്‍ ഉണ്ടാക്കാന്‍ ആവില്ലെന്നാണ് ബാങ്ക് മേധാവിയുടെ വാദം. പ്ളാസ്റിക് കോട്ടിംഗിനുപുറമെ ഏറ്റവും സുരക്ഷിതമായ രൂപകല്‍പ്പനയിലാണ് കറന്‍സിയുടെ അച്ചടി. 19 അംഗ യൂറോസോണില്‍ വ്യാജന്മാരുടെ ഒഴുക്ക് തടയാനാണ് പുതിയ പതിപ്പുകള്‍ ഇറക്കുന്നത്. 2016 ല്‍ 50 ന്റെ പുതിയ കറന്‍സി പുറത്തിറക്കുമെന്നും ഡ്രാഗി മാധ്യമങ്ങളെ അറിയിച്ചു. യൂണിയന്റെ പൊതുനാണയമായ യൂറോ 2002 ജനുവരി ഒന്നു മുതലാണ് വിപണിയിലെത്തിയത്. 28 അംഗ യൂറോപ്യന്‍ യൂണിയനിലെ 19 രാജ്യങ്ങളിലാണ് (യൂറോസോണ്‍) യൂറോ പ്രാബല്യത്തിലുള്ളത്. 337 മില്യന്‍ ജനങ്ങളാണ് യൂറോ നാണയം ഉപയോഗിക്കുന്നത്. നിലവില്‍ 500, 200, 100, 50, 20, 10, 5 എന്നീ യൂറോ കറന്‍സികളാണ് ഉപയോഗത്തിലുള്ളത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ആസ്ഥാനം ഫ്രാങ്ക്ഫര്‍ട്ടിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍