ഗ്രീക്ക് രക്ഷാ പാക്കേജ് ദീര്‍ഘിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കി
Wednesday, February 25, 2015 10:12 AM IST
ബ്രസല്‍സ്: ഗ്രീസിനുള്ള സാമ്പത്തിക രക്ഷാ പാക്കേജ് നാലു മാസത്തേക്കു കൂടി ദീര്‍ഘിപ്പിക്കാനുള്ള നിര്‍ദേശത്തിന് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കി. ഫെബ്രുവരി 28 നാണ് ഇപ്പോഴത്തെ പാക്കേജിന്റെ കാലാവധി അവസാനിക്കുന്നത്.

പാക്കേജ് ദീര്‍ഘിപ്പിക്കുന്നതിന് ഗ്രീക്ക് ധനമന്ത്രി യാനിസ് വരോഫാകിസ് സ്വീകരിക്കാമെന്നു സമ്മതിച്ച ഉപാധികളെക്കുറിച്ച് കോണ്‍ഫറന്‍സ് കോള്‍ വഴിയാണ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ മന്ത്രിമാര്‍ ചര്‍ച്ച നടത്തിയത്.

പാക്കേജ് അവസാനിപ്പിച്ച്, പകരം വായ്പയെടുത്ത് ബാധ്യത തീര്‍ക്കുക എന്ന ഗ്രീക്ക് പദ്ധതി യൂറോപ്യന്‍ യൂണിയന്റെ നിസഹകരണം കാരണം നടപ്പായിരുന്നില്ല. ഇതോടെ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം നടപ്പാക്കാനുമായില്ല. ഇതിനു പിന്നാലെ രക്ഷാ പാക്കേജ് ദീര്‍ഘിപ്പിക്കുന്നതിന് സ്വന്തം രാജ്യത്തുനിന്ന് അനുമതി വാങ്ങാന്‍ വരോഫാകിസ് ഏറെ പണിപ്പെട്ടിരുന്നു.

നികുതി പിരിക്കാനുള്ള സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുക, സര്‍ക്കാരിന്റെ ചെലവുകള്‍ കുറയ്ക്കുക, അഴിമതിക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുക, ഗ്രീക്ക് സമ്പദ് വ്യവസ്ഥയുടെ നിശ്ചിത മേഖലകള്‍ സ്വകാര്യവത്കരിക്കുക എന്നീ നടപടികളാണ് രക്ഷാ പാക്കേജിനു പകരമുള്ള ഉപാധികളായി ഗ്രീസ് മുന്നോട്ടുവച്ചതും യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചതും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍