ജര്‍മനിയിലെ ഏറ്റവും പ്രായം കൂടിയ ആളിന് 111 വയസ്
Wednesday, February 25, 2015 10:11 AM IST
ലൂഡ്വിംഗ്സ്ഹാഫന്‍ (ജര്‍മനി): ജര്‍മനിയിലെ ഏറ്റവും പ്രായം കൂടിയ ആളിന് 111 വയസ് ആയി. റൈന്‍ലാന്‍ഡ്ഫാള്‍സ് സംസ്ഥാനത്തെ ലൂഡ്വിംഗ്സ്ഹാഫന്‍ എന്ന സ്ഥലത്ത് താമസിക്കുന്ന 111 വയസുള്ള ചാര്‍ലോട്ടെ ക്ളംറോത്ത് ആണ് ജര്‍മനിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി.

കിഴക്കന്‍ ജര്‍മന്‍ സംസ്ഥാനമായ സാക്സണ്‍ അന്‍ഹാള്‍ട്ടില്‍ 1903 അവസാനം ജനിച്ച ചാര്‍ലോട്ടെ ക്ളംറോത്ത് 1955 മുതല്‍ ലൂഡ്വിംഗ്സ്ഹാഫനില്‍ താമസിക്കുന്നു. പ്രായത്തിന്റേതായ സാധാരണ അവശതകള്‍ ഉണ്െടങ്കിലും ആരോഗ്യവതിയായി സന്തോഷത്തോടെ ചാര്‍ലോട്ടെ ഇപ്പോഴും കഴിയുന്നു.

നൂറ്റിപതിനൊന്ന് വയസായ ചാര്‍ലോട്ടെ ക്ളംറോത്ത് നാലു കുട്ടികളുടെ മാതാവാണ്, മൂത്ത മകന് 77 വയസായി. തന്റെ ദീര്‍ഘകാല ജീവിതത്തിന്റെ രഹസ്യം സന്തോഷം നിറഞ്ഞ കുട്ടിക്കാലവും സ്നേഹം നിറഞ്ഞ മാതാപിതാക്കളുമാണെന്ന് അഭിമാനത്തോടെ ഈ വൃദ്ധ മാതാവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ന് ചാര്‍ലോട്ടെ ക്ളംറോത്തിന് പേരക്കുട്ടികളും അവരുടെ കുട്ടികളുമായി 34 പേര്‍ ഉണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ കുടുംബ ബന്ധങ്ങള്‍ക്ക് ഒട്ടും പ്രാധാന്യം നല്‍കാതെ ആധുനിക, സാമ്പത്തിക സുഖ സൌകര്യങ്ങളില്‍ കഴിയുന്ന പുത്തന്‍ തലമുറയ്ക്ക് ചാര്‍ലോട്ടെ ക്ളംറോത്തിന്റെ ദീര്‍ഘകാല ജീവിത രഹസ്യം ഒരു പാഠമായിരിക്കട്ടെ എന്ന് ജര്‍മന്‍ ക്രിസ്ത്യന്‍ സഭാധികാരികളും ജര്‍മന്‍ പ്രസിഡന്റും ആശംസിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍