അഞ്ചാം പനി ബാധിച്ച് കുട്ടി മരിച്ചു; ജര്‍മനിയില്‍ സ്കൂള്‍ അടച്ചു
Wednesday, February 25, 2015 10:02 AM IST
ബര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനത്തിന്റെ പ്രാന്ത പ്രദേശത്തുള്ള സ്കൂളിലെ വിദ്യാര്‍ഥി അഞ്ചാം പനി ബാധിച്ചു മരിച്ചു. ഇതെത്തുടര്‍ന്ന് സ്കൂള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. 2001നു ശേഷം ഏറ്റവും വലിയ അഞ്ചാം പനി വ്യാപനമാണ് രാജ്യം ഇപ്പോള്‍ നേരിടുന്നത്.

ഫെബ്രുവരി 18ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒന്നര വയസുകാരന്‍ അന്നു തന്നെ മരിക്കുകയായിരുന്നു. അഞ്ചാം പനി തന്നെയാണ് മരണകാരണമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. 2013നു ശേഷം ഈ രോഗം ബാധിച്ച് രാജ്യത്ത് ആരെങ്കിലും മരിക്കുന്നത് ഇതാദ്യം.

ഏറ്റവും വേഗത്തില്‍ പടരുന്ന രോഗങ്ങളിലൊന്നാണ് അഞ്ചാം പനി. രോഗിയുടെ ചുമയോ തുമ്മലോ മതി രണ്ടു മണിക്കൂര്‍ നേരത്തേക്ക് ചുറ്റുവട്ടത്ത് വൈറസ് പടര്‍ത്താന്‍. രോഗം ബാധിച്ചു നാലു ദിവസം കഴിഞ്ഞേ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങൂ. ലക്ഷണങ്ങള്‍ കാണും മുമ്പു തന്നെ വൈറസ് ശരീരത്ത് പടരുകയും ചെയ്യും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍