ജോസ് പുന്നാംപറമ്പിലിന്റെ 'സമൃദ്ധിയില്‍ ഒറ്റയ്ക്ക്' പുസ്തകം പ്രകാശനം ചെയ്തു
Tuesday, February 24, 2015 10:17 AM IST
കൊളോണ്‍: ജര്‍മനിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോസ് പുന്നാംപറമ്പിലില്‍ രചിച്ച 'സമൃദ്ധിയില്‍ ഒറ്റയ്ക്ക്' എന്ന പുസ്തകം തൃശൂരില്‍ പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരന്‍ പോള്‍ സക്കറിയ പുസ്തകത്തിന്റെ ഒരു പ്രതി യൂറോപ്പിലെ അറിയപ്പെടുന്ന സാഹിത്യകാരനും കഥാകൃത്തുമായ എഡ്വേര്‍ഡ് നസ്രേത്തി}ു(ജര്‍മനി) നല്‍കി പ്രകാശനം ചെയ്തു.

ചടങ്ങില്‍ കേരള കൌണ്‍സില്‍ ഫോര്‍ ഹിസ്റോറിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. പി.ജെ. ചെറിയാന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ മംഗള ടവേഴ്സില്‍ നടന്ന പ്രകാശനച്ചടങ്ങില്‍, എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും സുഹൃത്തുക്കളും അടങ്ങുന്ന നൂറോളം പേര്‍ സന്നിഹിതരായിരുന്നു.

വിവിധ കാലങ്ങളിലായി ജര്‍മനിയിലെ മലയാള പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവന്ന പുന്നാംപറമ്പിലിന്റെ സൃഷ്ടികളിലെ തെരഞ്ഞെടുത്ത കഥകളും ലേഖനങ്ങളുമാണു പുസ്തകത്തിന്റ ഉള്ളടക്കം. അഞ്ച് ദശകങ്ങളുടെ പൂര്‍ണതയിലേക്കു കടക്കുന്ന ഗ്രന്ഥകാരന്റെ പ്രവാസജീവിതത്തിലെ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ഈ കൃതികളില്‍ അധികവും പ്രതിഫലിക്കുന്നത്. കോഴിക്കോട് 'ഒലിവ് പബ്ളിക്കേഷന്‍സ്്' ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

അതോടൊപ്പംതന്നെ കേരള കൌണ്‍സില്‍ ഫോര്‍ ഹിസ്റോറിക്കല്‍ റിസര്‍ച്ച് പ്രസിദ്ധീകരിച്ച 'മലയാളികളുടെ ജര്‍മന്‍ പ്രവാസം' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. സക്കറിയതന്നെയാണു പ്രകാശനകര്‍മം നിര്‍വഹിച്ചത്. പുസ്തകത്തിന്റെ കോപ്പി സക്കറിയയില്‍നിന്നു ജോസഫ് കില്ല്യാന്‍ ഏറ്റുവാങ്ങി.

2010-11 വര്‍ഷങ്ങളില്‍ ജര്‍മനിയില്‍നിന്നു പ്രസിദ്ധീകരിച്ച 'മൈനെ വെല്‍റ്റ് വിശേഷാല്‍ പതിപ്പുകളില്‍' ചേര്‍ത്തിരുന്ന ജര്‍മന്‍ പ്രവാസജീവിതത്തെക്കു

റിച്ചുള്ള ആത്മകഥാപരമായ വിവരണങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 28 ലേഖനങ്ങളുടെ സമാഹാരമാണു 'മലയാളികളുടെ ജര്‍മന്‍ പ്രവാസം' എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. ജോസ് പുന്നാംപറമ്പില്‍, ജോയി മാണിക്കത്ത് എന്നിവരാണ് പുസ്തകത്തിന്റെ എഡിറ്റേഴ്സായി പ്രവര്‍ത്തിച്ചത്.

ജര്‍മന്‍ മലയാളികളുടെ ആദ്യതലമുറയുടെ വികാരവിചാരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള രണ്ടു പുസ്തകങ്ങളും തയാറാക്കിയ ജോസ് പുന്നാംപറമ്പിലിനെ അനുമോദിച്ച് ഡോ. പി.ജെ. ചെറിയാന്‍, സക്കറിയ, ജോസഫ് കില്ല്യാന്‍ (ജര്‍മനി), എഡ്വേര്‍ഡ് നസ്രേത്ത്, കെ.ജെ. ജോണി (കറന്റ് ബുക്സ്), തോമസ് ചക്യത്ത് (രശ്മി ചീഫ് എഡിറ്റര്‍, ജര്‍മനി) എന്നിവര്‍ പ്രസംഗിച്ചു.

ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ദ്വൈമാസിക 'രശ്മി'യുടെ മാനേജിംഗ് എഡിറ്റര്‍ അഗസ്റിന്‍ ഇലഞ്ഞിപ്പള്ളി പൂച്ചെണ്ടുനല്‍കി ജോസിനെ വേദിയില്‍ ആദരിച്ചു. തുടര്‍ന്ന് 'വിവര്‍ത്തനം - സാധ്യതകള്‍, സമീപനങ്ങള്‍' എന്ന വിഷയത്തെക്കുറിച്ച് ഒരു സിമ്പോസിയം നടന്നു. ജര്‍മനിയില്‍ മലയാള സാഹിത്യത്തെ പരിചയപ്പെടുത്തുന്നതിന് എന്നും കര്‍മനിരതനായ ജോസ് പുന്നാംപമ്പില്‍ തന്നെ വിഷയം അവതരിപ്പിച്ചു. മലയാളത്തിന്റെ പ്രഗല്ഭ വിവര്‍ത്തകരായ പി.എന്‍. വേണുഗോപാല്‍, സുനില്‍ ഞാളിയത്ത്, മൂസക്കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കടുത്തു സംസാരിച്ചു. നോവലിസ്റ് ഇ. സന്തോഷ്കുമാര്‍ മോഡറേറ്റര്‍ ആയിരുന്നു.

നിരവധി പുസ്തകങ്ങളുടെ കര്‍ത്താവായ ജോസ് പുന്നാംപറമ്പില്‍ തൃശൂര്‍ സ്വദേശിയാണ്. ജര്‍മനിയിലെ ബോണിനടുത്തുള്ള ക്വേണിംഗ്സ്വിന്ററിലാണ് താമസം. ഭാര്യ: ശോശാമ്മ. രണ്ടു മക്കളുണ്ട് ഇവര്‍ക്ക്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍