ഡാളസില്‍ വിദ്യാലയങ്ങള്‍ക്ക് രണ്ടാം ദിവസവും അവധി
Tuesday, February 24, 2015 8:20 AM IST
ഡാളസ്: രണ്ടു ദിവസമായി ഡാളസില്‍ കനത്ത മഞ്ഞുവീഴ്ചയും മഴയും തുടരുന്നതിനാല്‍ ചൊവ്വാഴ്ചയും ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ പ്രധാന വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.

രാവിലെ പുറത്തിറങ്ങിയ നിരവധി വാഹനങ്ങള്‍ നിരത്തില്‍നിന്നു തെന്നിമാറി അപകടം സംഭവിച്ചതായും ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇലക്ട്രിക്കല്‍ പോസ്റുകളും വയറുകളും ബന്ധം വിഛേദിക്കപ്പെട്ടതിനാല്‍ പല സ്ഥലങ്ങളിലും വൈദ്യുതി നിലച്ചു.

ഡാളസ് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ യാത്രക്കാര്‍ക്കു വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ആയിരത്തോളം വിമാനസര്‍വീസുകളാണു റദ്ദാക്കിയിട്ടുള്ളത്.

ചൊവ്വാഴ്ച സന്ധ്യയോടെ കാലാവസ്ഥയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വിഭാഗം പ്രതികരിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍