സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധന: തീരുമാനം താത്കാലികമായി മരവിപ്പിച്ചു
Tuesday, February 24, 2015 8:17 AM IST
കുവൈറ്റ്: അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്വകാര്യ സ്കൂളുകള്‍ നടപ്പിലാക്കാനിരുന്ന ഫീസ് വര്‍ധനയ്ക്കു വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വിലക്ക്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും ഇതു ബാധകമായിരിക്കുമെന്നു വിദ്യാഭ്യാസമന്ത്രി ബദല്‍ അല്‍ ഈസ അറിയിച്ചു.

ഇന്ത്യന്‍, പാകിസ്ഥാനി, ഫിലിപ്പീന്‍സ്, ഇറാനി, അറബിക്, അമേരിക്കന്‍, ഫ്രഞ്ച് സ്കൂളുകള്‍ക്കെല്ലാം നിര്‍ദേശം ബാധകമാണ്. കഴിഞ്ഞ നവംബറില്‍ ഫീസ് വര്‍ധനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവാണു മന്ത്രി റദ്ദാക്കിയത്. സ്വകാര്യ വിദ്യാലയങ്ങളില്‍ 2016-17 അധ്യയനവര്‍ഷം മുതല്‍ ഈടാക്കാവുന്ന ഫീസ് നിരക്കു സംബന്ധിച്ചു തീരുമാനം എടുക്കുന്നതിനു അധ്യാപകരുടെ ശമ്പളഘടന പുനര്‍നിര്‍ണയിക്കാനും പ്രത്യേക സമിതിയെ നിയമിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തവര്‍ഷം മുതലാണു ഫീസ്വര്‍ധന പ്രഖ്യാപിച്ചതെങ്കിലും ഈ വര്‍ഷം അവസാന ടേം മുതല്‍ വര്‍ധിപ്പിച്ച ഫീസ് ചില വിദ്യാലയങ്ങള്‍ ഈടാക്കിത്തുടങ്ങിയിയിരുന്നു. എന്തായാലും പുതിയ ഉത്തരവ് സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍