കരാറുകള്‍ സാക്ഷ്യപ്പെടുത്തണമെങ്കില്‍ മിനിമം വേതനം നൂറു ദിനാര്‍ ആക്കണം: ഇന്ത്യന്‍ എംബസി
Tuesday, February 24, 2015 7:41 AM IST
കുവൈറ്റ്: ഗാര്‍ഹിക തൊഴിലാളികള്‍ക്കു മിനിമം നൂറു ദിനാര്‍ കൂലി ലഭിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ തൊഴില്‍ കരാറുകള്‍ സാക്ഷ്യപ്പെടുത്തുകയുള്ളൂവെന്ന് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു. വീടുകളില്‍ ആയമാരായി ജോലി ചെയ്യുന്നവര്‍, ഹെല്‍പ്പര്‍മാര്‍, ഡ്രൈവര്‍മാര്‍, പാചക വിദഗ്ധര്‍ തുടങ്ങിയവര്‍ക്കു നിലവില്‍ 70 ദിനാറാണു തൊഴില്‍ കരാറില്‍ രേഖപ്പെടുത്തുന്നത് . ക്രമാതീതമായി വര്‍ധിച്ചുവരുന്ന ജീവിതചെലവുകളും മറ്റും പരിഗണിച്ചാണു പുതിയ തീരുമാനമെന്നു കരുതപ്പെടുന്നു.

വനിതാ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനുവേണ്ടി ബാങ്ക് ഗാരന്റി പോലുള്ള നിബന്ധനകള്‍ എംബസി കൊണ്ടുവന്നെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് അതില്‍നിന്നു പിന്മാറുകയായിരുന്നു. തുടര്‍ന്ന് സ്ത്രീകളെ കൊണ്ടുവരുന്നതിനുള്ള തൊഴില്‍ കരാര്‍ സാക്ഷ്യപ്പെടുത്തല്‍ ഇന്ത്യന്‍ എംബസി നിര്‍ത്തിവെക്കുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും പുരുഷന്മാര്‍ മാത്രമാണു ഗാര്‍ഹിക വീസയില്‍ കുവൈത്തിലെത്തുന്നത്. തൊഴിലാളികള്‍ വീടുകളില്‍ നിന്ന് പീഡനങ്ങള്‍ സഹിക്കവയ്യാതെ ഒളിച്ചോടുന്നതും പീഡനങ്ങള്‍ക്കിരയായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നതുമെല്ലാം പ്രവാസിലോകത്തു സാധാരണമാണ്. ഏറെയും സ്ത്രീ തൊഴിലാളികളാണു വേദനിപ്പിക്കുന്ന അനുഭവങ്ങളുമായി വീടുകളില്‍ നിന്നും ഒളിച്ചോടുന്നത്. പ്രയാസങ്ങളും പീഡനങ്ങളുമനുഭവിക്കുന്ന ഗാര്‍ഹികതൊഴിലാളികളുടെ നിരവധി പരാതികള്‍ എംബസിക്കും പ്രവാസി സംഘടനകള്‍ക്കും ദിനംപ്രതി ലഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ശക്തമായ നിയമ നിര്‍മ്മാണവും സ്വദേശികള്‍ക്കിടയില്‍ ബോധവത്കരണത്തിലൂടെ മാത്രമേ ഈ മേഖലയിലെ പ്രശ്നങ്ങള്‍ക്കു ശാശ്വതപരിഹാരം കാണാന്‍ സാധിക്കുകയുള്ളുവെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍