തൊഴിലാളികള്‍ക്ക് ആശ്വാസമേകി അങ്കാറയില്‍ യൂത്ത് ഇന്ത്യ മെഡിക്കല്‍ ക്യാമ്പ്
Monday, February 23, 2015 10:03 AM IST
കുവൈറ്റ് സിറ്റി: അങ്കാറ ബാച്ചിലര്‍ സിറ്റിയില്‍ യൂത്ത് ഇന്ത്യ കുവൈറ്റ് സംഘടിപ്പിച്ച സൌജന്യ മെഡിക്കല്‍ ക്യാമ്പ് അഞ്ഞൂറിലേറെ തൊഴിലാളികള്‍ക്ക് ആശ്വാസമായി.

ജോലിത്തിരക്കു മൂലം മതിയായ വൈദ്യപരിശോധന അപ്രാപ്യമായ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്കാണു സേവനം ലഭ്യമായത്. അര്‍റഹ്മ മെഡിക്കല്‍ സര്‍വീസ് സൊസൈറ്റിയുമായി സഹകരിച്ചു നടത്തിയ ക്യാമ്പില്‍ മലയാളികള്‍ക്ക് പുറമേ നേപ്പാള്‍, ബംഗ്ളാദേശ്, പാക്കിസ്ഥാന്‍, ഈജിപ്ത്, ഫിലിപ്പിന്‍സ്, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലെയും തൊഴിലാളികള്‍ വൈദ്യപരിശോധനക്കെത്തി. കുവൈറ്റിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരായ ഡോ. സാബി സബാഹ്, ഡോ. രാഹുല്‍ രാജന്‍, ഡോ. ജെയിംസ്, ഡോ. എബി മാത്യു, ഡോ. അംലന്‍ ഭട്ടാചാര്യ, ഡോ. രാജേന്ദ്രന്‍ എന്നിവര്‍ രോഗികളെ പരിശോധിച്ചു. ഷുഗര്‍, രക്തസമ്മര്‍ദം തുടങ്ങിയ ടെസ്റുകളും ലഭ്യമായിരുന്നു. രോഗികള്‍ക്കു മരുന്നുകള്‍ സൌജന്യമായി വിതരണം ചെയ്തു.

യൂത്ത് ഇന്ത്യ ആക്ടിംഗ് പ്രസിഡന്റ് നിസാര്‍ കെ.റഷീദ്, അര്‍റഹ്മ ഡയറക്ടര്‍ ഡോ. സ്വലാഹ് മാലല്ലഹ്, ക്യാമ്പ് കണ്‍വീനര്‍ ഹാരൂന്‍, ഷഫീര്‍ (വോളന്റിയര്‍), ഷാഹിദ് (രജിസ്ട്രേഷന്‍), ആസിഫ് (മെഡിസിന്‍), റിഷ്ദിന്‍, ശിഹാബ്, ജഹാന്‍ (നെറ്റ്വര്‍ക്ക്) എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍