ഏബ്രഹാം വി. തോമസ് വടക്കിനേത്ത് നിര്യാതനായി
Monday, February 23, 2015 10:03 AM IST
കൊളോണ്‍: ജര്‍മന്‍ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ വടക്കിനേത്ത് ഏബ്രഹാം വി. തോമസ് (അച്ചന്‍കുഞ്ഞ്-74) കൊളോണ്‍ പോര്‍സിലെ ആശുപത്രിയില്‍ ഫെബ്രുവരി 23 ന് രാവിലെ 7.45 ന് നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: മേരിക്കുട്ടി എടത്വാ ചന്ദ്രത്തില്‍ കുടുംബാംഗം. മക്കള്‍: ടിം, ടോം.

അടൂര്‍ പറക്കോട് സ്വദേശിയായ അച്ചന്‍കുഞ്ഞ് ജര്‍മനിയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ പ്രമുഖനാണ്. ജര്‍മനിയിലെ കാലാ,സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന അച്ചന്‍കുഞ്ഞ് മികച്ചൊരു സംഘാടകനുമായിരുന്നു. ഇംപോര്‍ട്ട് എക്സ്പോര്‍ട്ട് ബിസിനസും നടത്തിയിരുന്നു.

കേരളത്തില്‍നിന്നുള്ള കലാകാരന്മാരെ സംഘടിപ്പിച്ച് യൂറോപ്പില്‍ സ്റേജ് ഷോ നടത്തിയതില്‍ അച്ചന്‍കുഞ്ഞ് വഹിച്ച് പങ്ക് വളരെ വലുതാണ്. ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസിനു ജര്‍മനിയില്‍ നിരവധി തവണ സ്റേജ് ഒരുക്കിയതും അച്ചന്‍കുഞ്ഞായിരുന്നു. കേരളത്തിലെ സിനിമ, സംഗീതം, മിമിക്രി മേഖലയിലെ ഒട്ടുമിക്ക കലാകാരന്മാരും അച്ചന്‍കുഞ്ഞിന്റെ ആതിഥ്യം സ്വീകരിച്ച് ജര്‍മനിയിലെത്തി പരിപാടികള്‍ നടത്തിയിട്ടുണ്ട്.

അച്ചന്‍കുഞ്ഞിന്റെ വേര്‍പാടില്‍ ജര്‍മനിയിലെ കലാ-സാംസ്കാരിക സംഘടനകളും നിരവധി വ്യക്തികളും അനുശോചിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍