മെല്‍ബണില്‍ എംഎംഎഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ്
Monday, February 23, 2015 10:02 AM IST
മെല്‍ബണ്‍: ലോകകപ്പിന്റെ ആവേശത്തില്‍ ഓസ്ട്രേലിയന്‍ മലയാളികളുടെ ഇടയിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 5001 ഡോളറുമായി എംഎംഎഫ് ട്വന്റി20 ക്രിക്കറ്റ് മത്സരം മാര്‍ച്ച് ഒന്നിനു മെല്‍ബണിലെ വിവിധ സ്റേഡിയങ്ങളില്‍ നടക്കും.

ഏപ്രില്‍ ആറിനു സമാപിക്കുന്ന മത്സരങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി 12 ടീമുകള്‍ മാറ്റുരയ്ക്കും. രണ്ടാം സമ്മാനം 2001 ഡോളറാണ്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി എംഎംഎഫിന്റെ നേതൃത്വത്തില്‍ സ്ഥിരമായി മത്സരങ്ങള്‍ നടന്നുവരുന്നു. രുചിയൂറും വിഭവങ്ങള്‍ മലയാളികള്‍ക്ക് വിളമ്പുന്ന ഡാന്റിനോംഗിലെ ചില്ലിബൂള്‍ ഹോട്ടലാണു ടൂര്‍ണമെന്റിന്റെ മെയിര്‍ സ്പോണ്‍സര്‍. ഹോട്ടല്‍ ശൃംഖലയില്‍ മലയാളികള്‍ക്കു പരിചിതമായ വേണാട് കാറ്ററിംഗും വിന്‍ഡാലു പാലസുമാണു മറ്റു സ്പോണ്‍സര്‍മാര്‍.

ഓസ്ട്രേലിയയിലെ പ്രധാന ടീമുകളായ ഡാന്റിനോംഗ് റോയല്‍സ്, ഉദയ, മെല്‍ബണ്‍ ബ്രദേഴ്സ്, വെസ്റേണ്‍ ടൈഗേഴ്സ്, എഫ്എംസിസി, ടിഎസ് ഇലവന്‍, ജോണി വാക്കേഴ്സ്, ഹണ്ടിംഗ് ഡെയില്‍ ടീം, കേസി റൈഡേഴ്സ്, സൂര്യ ക്ളബ്, എസാര്‍ഡണ്‍ വാരിയേഴ്സ്, എംഡിയു എന്നീ ടീമുകളാണു മത്സരത്തില്‍ പങ്കെടുക്കുക.

എബിന്‍ ജോബോയി കണ്‍വീനറായും കെ. ശ്രേയസ്ഷ ശ്രീധര്‍, ഡോ. ഷാജി വര്‍ഗീസ്, അജി പുനലൂര്‍, ബിന്നി ജോര്‍ജ്, ക്ളീറ്റസ്, ജയ്സണ്‍ മറ്റപ്പിള്ളി എന്നിവരടങ്ങുന്ന കമ്മിറ്റി മത്സരത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്