സ്ത്രീകള്‍ തുല്യവേതനത്തിനുളള പോരാട്ടം ശക്തിപ്പെടുത്തണം: പട്രീഷ്യ അര്‍ക്യുറ്റെ
Monday, February 23, 2015 8:18 AM IST
ലോസ് ആഞ്ചലസ്: അമേരിക്കയില്‍ സ്ത്രീകള്‍ തുല്യ വേതനത്തിനായി സമര രംഗത്തു ഇറങ്ങേണ്ട സമയമായിരിക്കുമെന്ന് ഓസ്കര്‍ അവാര്‍ഡ് ജേതാവ് പട്രീഷ്യ അര്‍ക്യുറ്റെ ആഹ്വാനം ചെയ്തു.

ഫെബ്രുവരി 23ന് (ഞായര്‍) നടന്ന 87-ാമത് ഓസ്കര്‍ അവാര്‍ഡ് സ്വീകരിച്ചു നടത്തിയ പ്രസംഗത്തിലാണു പട്രീഷ മനസ് തുറന്നത്.

'ബോയ് ഹുഡ്' എന്ന ചിത്രത്തില്‍ ബെസ്റ് സപ്പോര്‍ട്ടിംഗ് ആക്ടറസിനുളള ഓസ്കര്‍ അവാര്‍ഡിനാണ് ഇവര്‍ അര്‍ഹയായത്. അമേരിക്കയില്‍ നാം ഇതുവരെ മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയാണു പോരാടിയത്. ഇപ്പോള്‍ നാം നമ്മുടെ സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി പോരാടേണ്ട സമയമായിരിക്കുന്നു. 46കാരിയായ പട്രീഷ പറഞ്ഞു.

പ്രസംഗം തുടങ്ങുന്നതിനുമുമ്പ് സ്വന്തം കുട്ടികള്‍ക്കു നന്ദി രേഖപ്പെടുത്തുന്നതിനും ഇവര്‍ മറന്നില്ല. ഓസ്കര്‍ അവാര്‍ഡ് ലഭിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടയാണ് - പട്രീഷ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍