സിപിഎം ഉപ്പുവച്ച കലം: കെ. സുധാകരന്‍
Monday, February 23, 2015 8:08 AM IST
കുവൈറ്റ്: സിപിഎമ്മിന്റെ രാഷ്ട്രീയനയത്തെയും അക്രമത്തെയും അപലപിച്ചും മോദിക്കും ബിജെപിക്കും വര്‍ഗീയ ഫാസിസ്റ് ശക്തികള്‍ക്കുമെതിരേ ആഞ്ഞടിച്ചും കെ. സുധാകരന്‍ കുവൈറ്റില്‍. മോദി ഗുജറാത്തിലെ വര്‍ഗീയ കറ തുടച്ചു നീക്കാന്‍ ശ്രമിക്കാത്ത ആര്‍എസ്എസ് അജന്‍ഡയുടെ കാവല്‍ക്കാരനാണെന്നും സുധാകരന്‍.

ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിച്ചുകൊന്നും പിടിച്ചുപറിച്ചും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന സിപിഎം ശൈലിക്കെതിരെ പ്രതികരിക്കുകയും ചെറുത്തുനില്‍ക്കുകയും ചെയ്യുന്ന തന്നെ പോലുള്ളവരെ ഗുണ്ടാഗണത്തില്‍പ്പെടുത്തി അപമാനിക്കുകയാണു സിപിഎമ്മിന്റെ രാഷ്ട്രീയശൈലി. കോണ്‍ഗ്രസിനോ മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കോ പ്രവര്‍ത്തിക്കാനോ സജീവമായി ഇടപെടാനോ സാധിക്കാത്ത അന്തരീഷത്തില്‍നിന്ന്, അക്രമവും പിടിച്ചുപറിയും കൊള്ളയും കൊള്ളിവയ്പും കൈമുതലാക്കിയ പാര്‍ട്ടി ഗ്രാമങ്ങളില്‍നിന്ന് കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും ലീഗിനെ പോലുള്ള യുഡിഎഫ് സംവിധാനത്തെയും ഉയര്‍ത്തികൊണ്ടുവരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്െടന്നും കമ്യൂണിസ്റ് പാര്‍ട്ടി പിറന്ന പിണറായി പാറപ്പുറം സ്ഥിതിചെയ്യുന്ന കണ്ണൂരിന്റെ ചുവന്ന മണ്ണില്‍ ത്രിവര്‍ണ പതാക പാറികളിക്കാനും കാരണക്കാരായ ചുറുചുറുക്കുള്ള പ്രവര്‍ത്തകര്‍ക്കൊപ്പം ജീവന്‍ കൊടുത്തും ഞാനുണ്ടാവുമെന്നും സുധാകരന്‍ പറഞ്ഞു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നയങ്ങളും ജനകീയ തീരുമാനങ്ങളുമാണു ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തെന്നും സ്വാതന്ത്യ്രാനന്തരം ശൂന്യമായൊരു അസംതൃപ്തരുടെ കൂട്ടായ്മയെ ഇന്നത്തെ ലോകശക്തികളിലൊന്നാക്കി മാറ്റിയതില്‍ കോണ്‍ഗ്രസിന്റെ പങ്ക് വിസ്മരിക്കാനാവാത്തതെന്നും താന്‍ ചായക്കടക്കാരനാണെന്നു പറഞ്ഞു സഹതാപം വാങ്ങുന്ന മോദി സാധാരണക്കാരനായ ഒരാള്‍ക്കു പ്രധാനമന്ത്രിയാവാനുള്ള അവസരം ഒരുക്കികൊടുത്തത് കോണ്‍ഗ്രസിന്റെ നയങ്ങളാണെന്നും സുധാകരന്‍ പറഞ്ഞു.
ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ. ബിജു ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒഐസിസി ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര, കണ്ണൂര്‍ കോണ്‍ഗ്രസ് ചക്കരക്കല്‍, ബ്ളോക്ക് സെക്രട്ടറി ജയറാം, ദേശീയ ജനറല്‍ സെക്രട്ടറി ബിനു ചേമ്പാലയം, സെക്രട്ടിമാരായ അനൂരുപ് കണ്ണൂര്‍, മനോജ് ചെന്നപേട്ട എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷാനു തലശേരി സ്വാഗതവും ജോയിന്റ് സെക്രട്ടറി വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. ജില്ലാ ട്രഷറര്‍ ജോമല്‍ ജോസഫ് കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍