മാര്‍ക്സിസ്റ് മാടമ്പിത്തരം അപകടകരം: കെ. സുധാകരന്‍
Monday, February 23, 2015 8:07 AM IST
കുവൈറ്റ് സിറ്റി: സിപിഎമ്മിലെ കണ്ണൂര്‍ നേതാക്കള്‍ കാലങ്ങളായി കാണിക്കുന്ന മാടമ്പിത്തരം പാര്‍ട്ടിയിലെതന്നെ ഏതാനും നേതാക്കള്‍ തുറന്നു പറയുന്നതുപോലെ മാത്രമേ താനും വിളിച്ചു കാണിക്കുന്നുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെ. സുധാകരന്‍.

ജയരാജന്മാരും പിണറായി വിജയനടക്കമുള്ള നേതൃത്വം കാണിക്കുന്ന മാടമ്പിത്തരത്തെക്കുറിച്ച് വി.എസ്. അച്യുതാനന്ദന്‍, എം.എ. ബേബി, തോമസ് ഐസക്, ജി. സുധാകരന്‍ എന്നിവര്‍ക്കു പരാതിയുണ്ട്, അവരത് പലതരത്തിലും തുറന്നടിക്കുന്നുമുണ്ട്. ഇവയെല്ലാം തുറന്നുപറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം താനും നില്‍ക്കുന്നു എന്ന നിലപാടാണു കെ. സുധാകരന്‍ സ്വീകരിച്ചത്.

കുവൈറ്റ് സന്ദര്‍ശനത്തിനെത്തിയ കെ. സുധാകരന്‍ ഒഐസിസി കുവൈറ്റ് കമ്മിറ്റി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തന്റെ അഭിപ്രായം പറഞ്ഞത്. രാജ്യത്ത് കോണ്‍ഗ്രസിനേറ്റ പരാജയം ജനാധിപത്യപരമായ അനിവാര്യതയാണെന്നും പാര്‍ട്ടി തിരിച്ചുവരുമെന്നും സുധാകരന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍