കുവൈറ്റ് മലങ്കര റീത്ത് മൂവ്മെന്റ് ഹരിതാഭതൂകി 'ഹരിതോത്സവം- 2015'
Monday, February 23, 2015 8:05 AM IST
കുവൈറ്റ്: കുവൈറ്റ് മലങ്കര റീത്ത് മൂവ്മെന്റ് (കെഎംആര്‍എം) ഫെബ്രുവരി 13 നു (വെള്ളി) സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ (ജൂനിയര്‍), ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിലൊന്നായ ആദ്യഫലപ്പെരുന്നാള്‍- 'ഹരിതോത്സവം- 2105' രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെ വിപുലമായ പരിപാടികളോടെ നടക്കും.

റവ. ഫാ. ജോസഫ് മരങ്ങാട്ടിക്കാലാ പ്രാര്‍ഥിച്ച് ആശീര്‍വദിച്ച ഹരിതോത്സവം പരിപാടികള്‍ കെഎംആര്‍എം പ്രസിഡന്റ് ജോര്‍ജ് മാത്യു പതാക ഉയര്‍ത്തി ഔപചാരികമായി ആരംഭിച്ചു. തുടര്‍ന്ന് വിവിധ പ്രയര്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ പലതരം പച്ചക്കറികളും ഫലമൂലാധികളുമായി പതാകകളുമേന്തി പ്ളോട്ടുകളുടേയും ചെണ്ടമേളങ്ങളുടേയും അകമ്പടിയോടുകൂടി വിശ്വാസ സമൂഹം കാഴ്ചവയ്പിനായി വന്നത് പുതുതലമുറയ്ക്കു പുത്തന്‍ അനുഭവമായി മാറി. തുടര്‍ന്നു ചിത്രരചന, കളറിംഗ്, ഡാന്‍സ്, വേഷപ്രച്ഛന്നം എന്നീ ഇനങ്ങളിലായി വിവിധ മത്സരങ്ങള്‍ അരങ്ങേറി. ടാലന്റ് ഷോ, മാജിക് ഷോ എന്നിവയും അരങ്ങേറി. താളക്കൊഴുപ്പോടെ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ശിങ്കാരി മേളവും ഗാനമേളയും ഹരിതോത്സവത്തെ ഹരിതാഭപൂരിതമാക്കി. വിവിധ പ്രാര്‍ഥനാ ഗ്രൂപ്പുകള്‍, ഫ്രണ്ട്സ് ഓഫ് മേരി അംഗങ്ങള്‍ എന്നിവര്‍ നടത്തിയ തട്ടുകട, സ്വാദിഷ്ഠ വിഭവങ്ങളുമായി ഫുഡ്കോര്‍ണറുകള്‍, ബാലദീപം കുട്ടികള്‍ നേതൃത്വം നല്‍കിയ കളിക്കളങ്ങള്‍ തുടങ്ങിയവ ഹരിതോത്സവത്തിനു കൂടുതല്‍ മനോഹാരിതയും രുചിയുമേകി. കൂടാതെ ഹെല്‍ത്ത് കോര്‍ണറുകളും പ്രത്യേകം ശ്രദ്ധേയമായി. തിങ്ങിനിറഞ്ഞ സദസില്‍ ഹരിതോത്സവം-2015ന്റെ പൊതുസമ്മേളനം പ്രാര്‍ഥനാ ഗാനത്തോടു കൂടി ആരംഭിച്ചു. കെഎംആര്‍എം പ്രസിഡന്റ് ജോര്‍ജ് മാത്യു അധ്യക്ഷനായ യോഗത്തില്‍ കെഎംആര്‍എം ആത്മീയ ഉപദേഷ്ടാവ് റവ. ഡോ. ജോണ്‍ പടിപ്പുരയ്ക്കല്‍ ആമുഖ പ്രഭാഷണവും വിശിഷ്ടാതിഥി റവ. ഫാ. മാത്യു കുന്നേല്‍പുരയിടം അനുഗ്രഹ പ്രഭാഷണവും നടത്തി. 15 സബ്കമ്മിറ്റികളുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഹരിതോത്സവം ജനറല്‍ കണ്‍വീനര്‍ ഷിബു പി. ചെറിയാന്‍ വിശദീകരിച്ചു. മുഖ്യാതിഥിയായിരുന്ന സല്‍മാനിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ജൂണിയര്‍ പ്രിന്‍സിപ്പല്‍ ഷേര്‍ളി ഡെന്നിസ് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഒ.എം. മാത്യു (അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍), ജേക്കബ് തോമസ് (സിനഡ് കമ്മീഷന്‍ മെംബര്‍), തോമസ് ജോസഫ് മാമ്മൂട്ടില്‍ (എംസിഎല്‍എസ് ഹെഡ്മാസ്റര്‍), വത്സമ്മ ജോര്‍ജ് (ഫ്രണ്ട്സ് ഓഫ് മേരി കണ്‍വീനര്‍), റോബി സ്കറിയ (യുവജ്യോതി കണ്‍വീനര്‍), ബിനോ ബിജു (ബാലദീപം കണ്‍വീനര്‍) എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി ഹരിതോത്സവം- 2015 സുവനീര്‍ പ്രകാശനം ചെയ്തു. കുവൈറ്റിലെ വിവിധ സംഘടനാ ഭാരവാഹികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, വൈദികര്‍ തുടങ്ങി വിശിഷ്ട വ്യക്തികള്‍ പരിപാടികള്‍ക്കു ഭാവുകങ്ങള്‍ നേര്‍ന്നു.

വിവിധ മത്സര വിജയികള്‍ക്കു റവ. ഡോ. ജോണ്‍ പടിപ്പുരയ്ക്കല്‍, ഷേര്‍ളി ഡെന്നിസ് എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അഡ്വ. ഷിബു ജേക്കബ് പരിപാടികള്‍ നിയന്ത്രിച്ചു. കെഎംആര്‍എം ജനറല്‍ സെക്രട്ടറി സജിത സ്കറിയ തങ്ങളത്തില്‍ സ്വാഗതവും ട്രഷറര്‍ കെ.കെ. ബാബു നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍