ദേശീയ ദിനം: 25നും 26നും പൊതുഅവധി
Monday, February 23, 2015 6:22 AM IST
കുവൈറ്റ്: ദേശീയ ദിനം പ്രമാണിച്ച് കുവൈറ്റില്‍ 25, 26 ദിവസങ്ങളില്‍ പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇരു ദിവസവും അവധിയായിരിക്കുമെന്നു സിവില്‍ സര്‍വീസ് കമ്മിഷന്‍ അറിയിച്ചു. പൊതു അവധിയുടെ കൂടെ വെള്ളിയാഴ്ചയും ശനിയാഴ്ചയും വരുന്നതിനാല്‍ ഫലത്തില്‍ നാലു ദിവസത്തോളം അവധിയാണു ലഭിച്ചിരിക്കുന്നത്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തുടനീളം റോഡുകളും കെട്ടിടങ്ങളും ദേശീയ പതാകകൊണ്ടും വര്‍ണവിളക്കുകള്‍കൊണ്ടും അലങ്കരിച്ചിരിക്കുകയാണ്.

1961 ജൂണ്‍ 19 വരെ നിലനിന്ന ബ്രിട്ടീഷ് സംരക്ഷണാധികാരപദവി ഒഴിവാക്കി കുവൈറ്റ് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായത്തിനു ശേഷം ജൂണ്‍ 19നായിരുന്നു ദേശീയദിനമായി ആചരിച്ചിരുന്നത്. ജൂണിലെ കടുത്ത ചൂടുള്ള കാലാവസ്ഥ കണക്കിലെടുത്താണ് 1963 മുതല്‍ ആഘോഷം ഫെബ്രുവരി 25 ലേക്ക് മാറ്റി. അന്ന് മുതല്‍ ഫെബ്രുവരി 25 ആണ് കുവൈറ്റ് ദേശീയ ദിനമായി ആഘോഷിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ 'ഹ്യൂമാനിറ്റേറിയന്‍ ലീഡര്‍' പുരസ്കാരം ലഭിച്ച അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനോടുള്ള ആദരവായാണ് ഇത്തവണ ദേശീയദിനാഘോഷങ്ങള്‍ കൊണ്ടാടുന്നത്

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍