മെര്‍ക്കല്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Saturday, February 21, 2015 10:29 AM IST
വത്തിക്കാന്‍സിറ്റി: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഫെബ്രുവരി 21 ന് (ശനി) വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കണ്ടു. 40 മിനിറ്റു ദീര്‍ഘിച്ച കൂടിക്കാഴ്ചയില്‍ ലോക സമാധാനത്തെക്കുറിച്ചും മറ്റു സമകാലിക വിഷയങ്ങളും ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു. ലോക സമാധാനം കൂടാതെ, മതസൌഹാര്‍ദം, ആഗോളവത്കരണം, ലോകത്തില്‍ യൂറോപ്പിന്റെ റോള്‍ തുടങ്ങിയ വിഷയങ്ങളും മാര്‍പാപ്പയുമായി മെര്‍ക്കല്‍ ചര്‍ച്ച ചെയ്തു.

സന്ദര്‍ശനവേളയില്‍ ലോകപ്രശസ്ത സംഗീതജ്ഞന്‍ ജോഹാന്‍ സെബാസ്റ്യന്‍ ബാഹിന്റെ മ്യൂസിക് സിഡി മെര്‍ക്കല്‍ മാര്‍പാപ്പയ്ക്കു സമ്മാനിച്ചു. കൂടാതെ മധ്യേഷയിലെ അഭയാര്‍ഥി കുട്ടികളുടെ വത്തിക്കാന്‍ ഫണ്ടിലേയ്ക്ക് ജര്‍മനിയുടെ വക സഹായധനവും നല്‍കി.

വിശുദ്ധ മാര്‍ട്ടിന്റെ ഒരു മെഡലും അപ്പസ്തോലന്മാരുടെ പുസ്തകത്തിന്റെ ഒരു ജര്‍മന്‍ പരിഭാഷയും മാര്‍പാപ്പാ മെര്‍ക്കലിന് സമ്മാനമായി നല്‍കി. മാര്‍പാപ്പാ വെഞ്ചരിച്ച മെഡല്‍ ലഭിച്ച മെര്‍ക്കല്‍, തന്റെ ഭരണത്തിന്റെ സംരക്ഷണ കവചമാണന്നു വിശേഷിപ്പിച്ചു.

മെര്‍ക്കല്‍ ഇത് രണ്ടാം തവണയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാണുന്നത്. 2013 മാര്‍ച്ച് 13 ന് മാര്‍പാപ്പയുടെ സ്ഥാനാരോഹണത്തിന് മെര്‍ക്കല്‍ വത്തിക്കാനിലെത്തി കൂടിക്കണ്ടിരുന്നു.

ഫെബ്രുവരി 20ന് യുക്രെയ്ന്‍, സിറിയ, ഇറാക്ക് എന്നിവിടങ്ങളിലെ പ്രതിസന്ധികള്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദുമായി കൂടിക്കണ്ടു ചര്‍ച്ച ചെയ്ത ശേഷമാണ് മെര്‍ക്കല്‍ വത്തിക്കാനിലെത്തിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍