ജര്‍മന്‍ റെയില്‍വേ ഇന്റര്‍ സിറ്റി ബസ് റൂട്ടുകള്‍ തുടങ്ങുന്നു
Saturday, February 21, 2015 10:22 AM IST
ഫ്രാങ്ക്ഫര്‍ട്ട്: രണ്ടാം ലോക മഹായുദ്ധശേഷം 1949 ജനുവരി 23 ന് ജര്‍മനിയുടെ ഉത്ഭവം മുതല്‍ ജര്‍മനിക്കുള്ളിലെ ദീര്‍ഘദൂര യാത്രാ സൌകര്യം നടത്താനുള്ള അവകാശം ജര്‍മന്‍ റെയില്‍വേക്ക് മാത്രമായിരുന്നു. ഈ കുത്തകാവകാശം ജര്‍മന്‍ അഡ്മിനിസ്ട്രേറ്റീവ് കോടതി (ബുണ്ടസ് വെര്‍വാള്‍റ്റൂംഗ്സ് ഗെറിഗ്റ്റ്) എടുത്ത് കളഞ്ഞതിനെ തുടര്‍ന്ന് 2013 ജനുവരി ഒന്നു മുതല്‍ ജര്‍മനിക്കുള്ളില്‍ ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ തുടങ്ങി. പൊതുവെ നഷ്ടത്തില്‍ ഓടുന്ന ജര്‍മന്‍ റെയില്‍വേക്ക് പ്രൈവറ്റ് കമ്പനികളുടെ കുറഞ്ഞ നിരക്കിലുള്ള ദീര്‍ഘദൂര ബസ് യാത്രാ സൌകര്യവും നിരവധി സമരങ്ങളും വന്‍ ബാധ്യത ഉണ്ടാക്കി.

ഈ അവസ്ഥയെ നേരിടാന്‍ ഈ വര്‍ഷം തന്നെ റെയില്‍വേ സ്വന്തമായി ഇന്റര്‍ സിറ്റി ബസ് റൂട്ടുകള്‍ തുടങ്ങാന്‍ തീരുമാനിച്ചു.

നിരവധി പ്രൈവറ്റ് ബസ് കമ്പനികള്‍ മത്സരിച്ച് ജര്‍മന്‍ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസ് തുടങ്ങുകയും നഷ്ടത്തിലാവുകയും ചെയ്തു. ഈ നില തരണം ചെയ്യാന്‍ പല പ്രൈവറ്റ് ബസ് കമ്പനികളും ഒന്നിക്കുകയും ചാര്‍ജുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ സമയത്ത് ജര്‍മന്‍ റെയില്‍വേയുടെ ഇന്റര്‍ സിറ്റി ബസ് സര്‍വീസ് എന്ന ആശയം ഫലപ്രദമാകുമെന്ന് സാത്തിക വിദഗ്ധര്‍ കരുതുന്നു. ജര്‍മന്‍ റെയില്‍വേ ജീവനക്കാര്‍ പലപ്പോഴായി നടത്തുന്ന സമര മുറകള്‍ ഇന്റര്‍ സിറ്റി ബസ് റൂട്ടുകളെ ബാധിക്കാതെ നടത്തിയാല്‍ തീര്‍ച്ചയായും സാധാരണ ജനങ്ങള്‍ക്ക് ഇത് വളരെയേറെ പ്രയോജനം ചെയ്യും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍