വെടിനിര്‍ത്തല്‍ കരാര്‍ മാനിക്കപ്പെടണമെന്ന് ജര്‍മനിയും ഫ്രാന്‍സും
Saturday, February 21, 2015 10:21 AM IST
പാരീസ്: യുക്രെയ്നിലെ സംഘര്‍ഷബാധിത മേഖലയില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തുന്ന മിന്‍സ്ക് കരാര്‍ പൂര്‍ണമായി മാനിക്കപ്പെടണമെന്ന് ജര്‍മനിയും ഫ്രാന്‍സും ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളുടെയും മധ്യസ്ഥതയില്‍ ബലാറസില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ കരാറിന് ഉക്രെയ്ന്‍ സര്‍ക്കാരും റഷ്യയും വിമതരും സമ്മതിച്ചത്.

കരാര്‍ നിലവില്‍ വന്ന ശേഷം പലവട്ടം അതു ലംഘിക്കപ്പെട്ടതായി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദും പാരീസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു.

റഷ്യ, ഫ്രാന്‍സ്, ജര്‍മനി, ഉക്രെയ്ന്‍ എന്നീ രാജ്യങ്ങളുടെ വിദേശ മന്ത്രിമാര്‍ ചൊവ്വാഴ്ച പാരീസില്‍ കൂടിക്കാഴ്ച നടത്തും. ഉക്രെയ്ന്‍ പ്രതിസന്ധി തന്നെയായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം.

അതേസമയം, ഇക്കാര്യത്തില്‍ റഷ്യയെ മനസിലാക്കുന്നതില്‍ യുകെയും യൂറോപ്യന്‍ യൂണിയനും ദയനീയമായി പരാജയപ്പെടുകയാണുണ്ടായതെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആരോപണം ഉയര്‍ന്നു. വ്ളാഡിമിര്‍ പുടിനെ വിശ്വസിച്ച യുകെയും യൂറോപ്പും ചതിയിലേക്ക് നടന്നു കയറുകയായിരുന്നു എന്നും എംപിമാര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍