2022ലെ ഫുട്ബോള്‍ ലോകകപ്പ് ശൈത്യകാലത്തേക്കു മാറ്റും
Friday, February 20, 2015 10:13 AM IST
ബര്‍ലിന്‍: ഖത്തറില്‍ 2022ല്‍ നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പിന്റെ സമയക്രമം നവംബര്‍ -ഡിസംബര്‍ മാസത്തേക്കു മാറ്റും. ജൂണ്‍, ജൂലൈ മാസങ്ങളിലാണു പരമ്പരാഗതമായി ലോകകപ്പ് നടത്തിവരുന്നത്. എന്നാല്‍, ഈ സമയത്ത് ഖത്തറില്‍ അമ്പത് ഡിഗ്രിയോളമായിരിക്കും താപനില. ഈ സാഹചര്യത്തിലാണു ശീതകാലത്തേക്കു ലോകകപ്പ് മാറ്റുന്നത്.

ഖത്തറിനു ലോകകപ്പ് വേദി അനുവദിച്ചതു മുതല്‍തന്നെ ഈ പ്രശ്നം ഉന്നയിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍, ജൂണ്‍-ജൂലൈ അല്ലാതെ ഏതു സമയത്തു നടത്തിയാലും യൂറോപ്പ് അടക്കമുള്ള വമ്പന്‍ ഫുട്ബോള്‍ ലീഗുകളുടെ കലണ്ടറില്‍ അഴിച്ചുപണി ആവശ്യമായി വരും. ഈ സാഹചര്യത്തില്‍, ഏപ്രില്‍-മേയ് മാസമോ മേയ്-ജൂണ്‍ മാസമോ ലോകകപ്പ് നടത്താമെന്നു യൂറോപ്യന്‍ പ്രഫഷണല്‍ ഫുട്ബോള്‍ ലീഗുകള്‍ ഫിഫയ്ക്കു മുന്നില്‍ നിര്‍ദേശം വച്ചിരുന്നു. എന്നാല്‍, ഇത്തരത്തില്‍ മാറ്റിയാലും ചൂടിനു വലിയ കുറവു പ്രതീക്ഷിക്കാനാകില്ല. അതിനാലാണ് നവംബര്‍-ഡിസംബര്‍ സമയത്തു തന്നെ ലോകകപ്പ് നടത്താന്‍ ഒടുവില്‍ ധാരണയായിരിക്കുന്നത്.

ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദോഹയില്‍ അടുത്ത ആഴ്ച നടക്കുന്ന ഫിഫ യോഗത്തിനു ശേഷമായിരിക്കും പ്രഖ്യാപനം. ലോകകപ്പിന്റെ പരമ്പരാഗത സമയം മാറുന്നതോടെ 2022 - 2023 സീസണിലെ യൂറോപ്യന്‍ ക്ളബ് ഫുട്ബോള്‍ കലണ്ടറില്‍ വന്‍ മാറ്റങ്ങളാണ് ആവശ്യമായി വരിക. അതിനു മുമ്പു നടക്കാനിരിക്കുന്ന കോണ്‍ഫെഡറേഷന്‍സ് കപ്പ് ഷെഡ്യൂളിലും മാറ്റം ആവശ്യമായി വരും. ഇതും ഖത്തറില്‍ത്തന്നെയാണു നിശ്ചയിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍