ഹാനോവര്‍ എക്സിബിഷനില്‍ ഇന്ത്യ പങ്കാളിത്ത രാജ്യം
Friday, February 20, 2015 10:12 AM IST
ബര്‍ലിന്‍: നടപ്പുവര്‍ഷത്തെ ഹാനോവര്‍ മെസെയില്‍ (എക്സിബിഷന്‍) സഖ്യരാഷ്ട്രമായി പങ്കെടുക്കും.

ലോകത്തെ ഏറ്റവും വലിയ വ്യാവസായിക വാണിജ്യമേളയാണു ഹാനോവര്‍ മെസെ. ഐടി, എനര്‍ജി, വ്യാവസായിക സാമഗ്രികള്‍, പരിസ്ഥിതി സാങ്കേതികം തുടങ്ങിയ മേഖലയിലെ നൂതന കണ്ടുപിടുത്തങ്ങളുടെ പ്രദര്‍ശനവും അതിനെപ്പറ്റിയുള്ള ഗവേഷണങ്ങളുമാണ് ഏഴു ദിനങ്ങളായി എക്സിബിഷനില്‍ ഒരുക്കുന്നത്. 2014 ഡിസംബര്‍ 11നു ന്യൂഡല്‍ഹിയില്‍ ഹാനോവര്‍ മെസെ അധികാരികളും കേന്ദ്ര വാണിജ്യവകുപ്പും തമ്മില്‍ കരാറില്‍ ഒപ്പുവച്ചിരുന്നു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പുരോഗതി ലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണിതെന്ന് ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ മിഷായേല്‍ സ്റെയ്നര്‍ അഭിപ്രായപ്പെട്ടു. മേളയില്‍ സഹകരിക്കുന്നതുവഴി ഇന്ത്യക്കു കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും അന്താരാഷ്ട്ര കമ്പനികളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും സാധിക്കും. രാജ്യത്തെ നിര്‍മാണ മേഖലയ്ക്കും ഇതു വലിയ ഗുണം ചെയ്യുമെന്നാണു വിലയിരുത്തപ്പെടുന്നത്. ഈ സംരംഭത്തില്‍ സഹകരിക്കുന്ന ഇന്ത്യക്ക് രാജ്യത്തെ ജര്‍മന്‍ എംബസി അഭിനന്ദനം അറിയിച്ചു. 2006 ല്‍ നടന്ന ഹാനോവര്‍ മെസെയില്‍ ഇന്ത്യ പങ്കാളിത്തരാജ്യമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് ഇന്ത്യയില്‍നിന്ന് 350 പ്രദര്‍ശകരും 5700 സന്ദര്‍ശകരും മേളയില്‍ പങ്കെടുത്തിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും മേളയില്‍ എത്തിയിരുന്നു.

ജര്‍മനിയിലെ വ്യവസായിക നഗരമായ ഹാനോവറില്‍ ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് മേള സംഘടിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍