കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് പ്രസക്തിയില്ല: ഷാഫി പറമ്പില്‍
Friday, February 20, 2015 10:10 AM IST
റിയാദ്: ഉത്തരേന്ത്യയിലെ രാഷ്ട്രീയ നേതാക്കളെ പോലെയല്ല കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ നേതാക്കളെന്നും അവരെന്നും ജനങ്ങളുമായി അടുത്തിടപഴകുന്നവരും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്നവരുമാണെന്നും അതുകൊണ്ടുതന്നെ ഡല്‍ഹിയിലേതുപോലെ ഒരു ആം ആദ്മി പാര്‍ട്ടി മുന്നേറ്റത്തിന് കേരളത്തില്‍ ഒട്ടും സാധ്യതയില്ലെന്നും കോണ്‍ഗ്രസ് യുവ നേതാവ് ഷാഫി പറമ്പില്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. ഹൃസ്വ സന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ ഷാഫി പറമ്പില്‍ റിംഫ് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

കേരളത്തിലെ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ ജനങ്ങളുമായി അടുത്തുനില്‍ക്കുന്നു. മുഖ്യമന്ത്രി എവിടെ പോയാലും ഏത് സാധാരണക്കാരനും അദ്ദേഹത്തെ കാണാനും തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും പരിഹാരമുണ്ടാക്കാനും സാധിക്കും. എന്നാല്‍ ഉത്തരേന്ത്യയില്‍ അധികാരത്തിലെത്തുന്നവര്‍ വമ്പിച്ച പോലീസ് സുരക്ഷയും മറ്റുമായി ജനങ്ങളില്‍നിന്ന് ഏറെ അകലെയാണ്. നേരിട്ടൊരു പ്രശ്നം അവതരിപ്പിക്കാന്‍ അവര്‍ക്കു സാധിക്കാറില്ല. കേജരിവാളിന്റെ അഴിമതിക്കെതിരേയുള്ള മുദ്രാവാക്യം നല്ല തുടക്കമാണ്. പക്ഷേ, അതുകൊണ്ട് മാത്രം ഒരു സര്‍ക്കാരിനോ ഭരണ സംവിധാനത്തിനോ മുന്നോട്ട് പോകാന്‍ കഴിയില്ല. കാര്യക്ഷമതയുള്ള ഭരണകര്‍ത്താക്കളും ഒരു പോളിസിയും ഇല്ലെങ്കില്‍ ഭരണം പരാജയപ്പെടുമെന്നു ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ അരങ്ങേറ്റത്തിലൂടെ തെളിഞ്ഞതാണ്. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യ ജനാധിപത്യമുന്നണിയിലെ പാര്‍ട്ടികളിലും ഇടതു പാര്‍ട്ടികളിലും ജനകീയരായ ധാരാളം നേതാക്കളുണ്ട്. അതിനിടയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വിജയം നേടാനാകുമെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. ഡല്‍ഹിയിലെ രാഷ്ട്രീയസാഹചര്യമല്ല കേരളത്തിലേത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ എത്രയോ വര്‍ഷങ്ങളായി അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുകയും കോടതിയില്‍ തുടരെ കേസുകള്‍ നല്‍കുകയും ചെയ്യുന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ഇതുവരെ ഒരു ചെറിയ തെളിവുപോലും ഹാജരാക്കാനായിട്ടില്ല. രാഷ്ട്രീയ പകപോക്കലിനായി കോടതികളെ ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീം കോടതി വി.എസിനെ ശാസിച്ചിരിക്കുകയാണ്.

നാഷണല്‍ ഗെയിംസിന്റെ നന്മകള്‍ ആരും കാണാതെ പോയതു ശരിയായില്ല. കേരളത്തെ പങ്കെടുത്ത അത്ലറ്റുകളും ഒഫീഷ്യലുകളും പ്രധാനമന്ത്രി വരെ മുക്ത കണ്ഠം പ്രശംസിച്ചത് ഒരു മാധ്യമങ്ങള്‍ക്കും വാര്‍ത്തയായില്ല. ഗെയിംസിന്റെ അവസാന ദിവസംപോലും കേരളത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കാതെ ഉദ്ഘാടന സമ്മേളനത്തിലെ ലാലിസത്തില്‍ ചുറ്റിപ്പറ്റിയായിരുന്നു ചാനല്‍ ചര്‍ച്ചകളെല്ലാം. മാധ്യമങ്ങള്‍ ഇങ്ങനെ നെഗറ്റീവ് ജേര്‍ണലിസം നടത്തുന്നത് സമൂഹത്തിന് ദോഷം മാത്രമേ ചെയ്യുകയുള്ളൂവെന്നും ഇതു സംബന്ധിച്ച പത്രക്കാരുടെ ചോദ്യത്തിനു ഷാഫി മറുപടി നല്‍കി.

സാമൂഹ്യ പ്രവര്‍ത്തനത്തിലെ നൂതന സാങ്കേതികതകള്‍ കേരളത്തിലെ യുവജന സംഘടനകള്‍ ഉപയോഗപ്പെടുത്തുന്നില്ല. ഇപ്പോഴും പഴഞ്ചന്‍ സമരരീതികളാണ് അവലംബിക്കുന്നത്. അതുകൊണ്ടാണു യുവജനങ്ങള്‍ മുഖ്യധാരാ യുവജന സംഘടനകളില്‍നിന്നു പിന്നോക്കം പോകുന്നതും അവരുടെ സമരങ്ങള്‍ പരാജയപ്പെടുന്നതും. സോഷ്യല്‍ മീഡിയകളെ വേണ്ട രീതിയില്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ സാമൂഹ്യസംഘടനകള്‍ക്കു സാധിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ പുതിയ സമരരീതികളുമായി വരുന്ന ആള്‍ക്കൂട്ടങ്ങള്‍ക്ക് ജനശ്രദ്ധ പിടിച്ചു പറ്റാന്‍ സാധിക്കുന്നുണ്ട് എന്ന സത്യം യുവജന സംഘടനകള്‍ തിരിച്ചറിയണം. അവര്‍ ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും അതുപയോഗപ്പെടുത്തി അവരുടെ സ്വകാര്യ അജണ്ടകള്‍ നടപ്പിലാക്കുകയും ചെയ്യുന്നത് ദോഷഫലങ്ങളുണ്ടാക്കുമെന്നും ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു. ഹൈവേകളിലെ ടോള്‍ പിരിവിനെതിരെയുള്ള സമരങ്ങളിലും ആദിവാസി സമരങ്ങളിലും മറ്റും സാമൂഹ്യ വിരുദ്ധര്‍ക്ക് ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയുന്നത് അങ്ങനെയാണ്.

പാലക്കാട് നിയോജകമണ്ഡലത്തിലെ എംഎല്‍എ എന്ന നിലയില്‍ സര്‍ക്കാര്‍ പദ്ധതികളുടെ ഉപകാരം അര്‍ഹിക്കുന്നവരിലേക്കെത്തിക്കുന്നതിനായി സ്മാര്‍ട്ട് പാലക്കാട് എന്ന പദ്ധതിക്കു രൂപം നല്‍കിയതായി ഷാഫി പറമ്പില്‍ പറഞ്ഞു. റിയാദിലെ പാലക്കാട് ജില്ലാ ഒഐസിസി യുടെ വാര്‍ഷിക സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഷാഫി പറമ്പിലിനോടൊപ്പം മുഹമ്മദലി മണ്ണാര്‍ക്കാട്, ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്‍, ജന. സെക്രട്ടറി ഗിരീഷ് കുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ പ്രമോദ് പൂപ്പാല എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍