ചാവേര്‍ അക്രമിക്കായി നോര്‍വേ അന്വേഷണം തുടരുന്നു
Friday, February 20, 2015 10:09 AM IST
ഓസ്ളോ: യൂറോപ്പില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്ന ഭീകര വനിതയ്ക്കായി നോര്‍വേ അന്വേഷണം തുടരുന്നു. ഇവര്‍ക്കായി അന്താരാഷ്ട്ര ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിരിക്കുകയാണു നോര്‍വീജിയന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍.

സിറിയയില്‍നിന്ന് ആയുധ പരിശീലനം നേടി തിരിച്ചെത്തിയ വനിത ഇപ്പോള്‍ യൂറോപ്പില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു എന്നാണു നോര്‍വീജിയന്‍ ഇന്റലിജന്‍സ് നല്‍കുന്ന സൂചന. രണ്ടു മാസമായി ബന്ധുക്കളാരും ഇവരുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. ഇപ്പോള്‍ സ്വീഡിഷ് അതിര്‍ത്തിക്കുള്ളിലാണെന്നും സംശയിക്കുന്നു.

ഈ സ്ത്രീ അടുത്തിടെ വിവാഹിതയായെന്നും ടര്‍ക്കിയിലേക്കു പോകുകയാണെന്നും രണ്ടു മാസം മുമ്പ് ഒരു സുഹൃത്തിനോടു പറഞ്ഞിരുന്നുവത്രേ.

ഇതിനിടെ, ജയില്‍പുള്ളികള്‍ തീവ്രവാദത്തിന്റെ വഴിയിലേക്കു തിരിയുന്നതു തടയാന്‍ ഇസ്ലാം മതപുരോഹിതരുടെ തന്നെ സഹായം തേടാനും നോര്‍വേ തീരുമാനിച്ചു. ജയിലുകളില്‍ ഇമാമുമാരുടെ സേവനം ഇതിനായി വിനിയോഗിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍