ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ പുതിയ ഭരണസമിതി അധികാരമേറ്റു
Friday, February 20, 2015 10:07 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ 2015-16 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി അധികാരമേറ്റു. ഫെബ്രുവരി എട്ടിനു രാവിലെ 10നു നടന്ന വിശുദ്ധ കുര്‍ബാനയെ ത്തുടര്‍ന്ന് ഇടവക വികാരി ഫാ. തോമസ് മുളവനാല്‍ പുതിയ പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ക്കും കൈക്കാരന്‍മാരായ റ്റിറ്റോ കണ്ടാരപ്പള്ളി, സ്റീഫന്‍ ചോളമ്പേല്‍, ബിനോയി പൂത്തുറ, മനോജ് വഞ്ചിയില്‍, സെക്രട്ടറി സാബു മടത്തിപ്പറമ്പില്‍, അക്കൌണ്ടന്റ് ജോയിസ് മറ്റത്തിക്കുന്നേല്‍, പിആര്‍ഒ ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവര്‍ക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ദേവാലയത്തിനുവേണ്ടി സേവനം ചെയ്ത പഴയ പാരിഷ് കൌണ്‍സില്‍ അംഗങ്ങളെയും കൈക്കാരന്‍മാരെയും അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദി പറയുകയും ചെയ്തു. പുതിയ പാരിഷ് കൌണ്‍സില്‍ അംഗങ്ങളെയും കൈക്കാരന്‍മാരെയും അനുമോദിക്കുകയും വരുന്ന രണ്ടു വര്‍ഷക്കാലത്തേക്കുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ വിജയാശംസകളും നേര്‍ന്നു.

വിശുദ്ധകുര്‍ബാനയ്ക്കുശേഷം പഴയ കൈക്കാരന്മാരായ ജിനോ കക്കാട്ടില്‍, ടോമി ഇടത്തില്‍, തോമസ് ഐക്കരപ്പറമ്പില്‍, ബിജു കണ്ണച്ചാംപറമ്പില്‍, പിആര്‍ഒ സാജു കണ്ണമ്പള്ളി എന്നിവര്‍ക്ക് ഇടവകയുടെ നന്ദിസൂചകമായി പ്രശംസഫലകം നല്‍കി ആദരിച്ചു. തുടര്‍ന്ന് കൈക്കാരന്മാരെ പ്രതിനിധീകരിച്ച് ജിനോ കക്കാട്ടില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം അവരോടു സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറയുകയും പുതിയ ഭരണസമിതിക്കു എല്ലാവിധ ആശംസകളും നേര്‍ന്നു.