മാര്‍ത്തോമ യുവജനസഖ്യം ധനസഹായം കൈമാറി
Friday, February 20, 2015 7:07 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ യുവജനസഖ്യം യുവജനവാരത്തില്‍ സമാഹരിച്ച ധനസഹായം കാട്ടാക്കട ഓള്‍ഡ് ഏജ് ഹോമിനു കൈമാറി.

മാരാമണ്‍ കണ്‍വന്‍ഷന്‍ മണല്‍പ്പുറത്ത് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പയില്‍നിന്നു കാട്ടാക്കട വൃദ്ധസദനത്തിനുവേണ്ടി റവ. പി.ഇ. മാത്യു ധനസഹായം ഏറ്റുവാങ്ങി. ഭദ്രാസന യുവജനസഖ്യത്തിന്റെ മിഷന്‍ ബോര്‍ഡ് നോര്‍ത്ത് അമേരിക്കയിലെ എല്ലാ ശാഖകളില്‍നിന്നും സമാഹരിച്ച ധനസഹായം ലഭിച്ചതിലുള്ള സന്തോഷവും നന്ദിയും റവ. പി.ഇ. മാത്യു അറിയിക്കുകയും സഖ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും സമൂഹത്തിനും സഭയ്ക്കും മുതല്‍ക്കൂട്ടായി മാറട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

ഭദ്രാസന യുവജനസഖ്യത്തിനുവേണ്ടി റോജിക് സാമുവല്‍, സജിന റോജിഷ്, ജെസ് എം. ജോര്‍ജ്, സി.വി സൈമണ്‍കുട്ടി, റയ്ന ശാമുവല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നോര്‍ത്ത് അമേരിക്കന്‍ യുവജനസഖ്യം ഭദ്രാസന കൌണ്‍സിലിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന മിഷന്‍ ബോര്‍ഡ് ഇതിനോടകം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ലീബോയ് തോപ്പില്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന ഭദ്രാസന മിഷന്‍ ബോര്‍ഡില്‍ സക്കറിയ മാത്യു ഡോ. നിഷ പോള്‍, ബൈജു വര്‍ഗീസ്, ലിനേജ് ജോണ്‍, സന്തോഷ് ഫിലിപ്പ്, ജോജി ജോര്‍ജ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം