ഓസ്ട്രിയയില്‍ കുട്ടികള്‍ക്കു സൌജന്യ ദന്തചികിത്സ ജൂലൈ മുതല്‍
Friday, February 20, 2015 7:04 AM IST
വിയന്ന: അടുത്ത വേനല്‍കാലം മുതല്‍ കുട്ടികളുടെ പല്ലിനു കമ്പിയിടുന്നതു സൌജന്യമാക്കിക്കൊണ്ട് ഒസ്ട്രിയന്‍ സര്‍ക്കാരിന്റെ ഉത്തരവ് പ്രതിവര്‍ഷം
85,000 കുട്ടികളുടെ പല്ലിനാണു സൌജന്യമായി കമ്പിയിടുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാരും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് അധികൃതരും ഡോക്ടര്‍മാരുടെ പ്രതിനിധികളും നടത്തിയ ചര്‍ച്ചകളില്‍ പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് ധാരണയായി.

പല്ലിനു കടുത്ത പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കു ജൂലൈ മുതല്‍ സൌജന്യ കമ്പിയിടല്‍ ലഭിക്കുന്നതാണ്. ഇതിനുള്ള ചെലവ് ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ചേര്‍ന്നു സംയുക്തമായി സര്‍ക്കാര്‍ വഹിക്കും. പല്ലുകള്‍ ക്രമംതെറ്റി വളരുന്ന കുട്ടികള്‍ക്കാണു സൌജന്യമായി ചികിത്സ ലഭിക്കുന്നത്.

ജൂലൈ മുതലാണു കടുത്ത ദന്തവൈകല്യങ്ങളുള്ള കുട്ടികളുടെ പല്ലുകള്‍ക്കു സൌജന്യമായി കമ്പിയിടുവാനുള്ള സൌകര്യം സര്‍ക്കാര്‍ ഒരുക്കുന്നത്. പതിനെട്ടു വയസു വരെയുള്ള കുട്ടികള്‍ക്ക് ഈ ചികിത്സ ലഭിക്കും.

പല്ലുകള്‍ ക്രമം തെറ്റി വളരുന്ന അല്ലെങ്കില്‍ ശക്തമായ ഇടംപല്ലുകളുള്ള കുട്ടികള്‍ക്ക്, അതായത് നാല് മുതല്‍ അഞ്ചു വരെ ഗ്രേഡില്‍ വരുന്ന ദന്തവൈകല്യമുള്ള കുട്ടികള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം മൂന്നുവര്‍ഷത്തേക്കായിരിക്കും സേവനം.

സൌജന്യ ദന്തചികിത്സ തീരുമാനിക്കുന്നതിനായി 180 ദന്തഡോക്ടര്‍മാരെ (ഓര്‍ത്തോ. ഡെന്റിസ്റ്) സര്‍ക്കാര്‍ ചുമതലപ്പെടുത്തും സൌജന്യ ചികിത്സക്ക് ചെലവുവരുന്ന 80 മില്യന്‍ യൂറോ സര്‍ക്കാര്‍ ഇതിനായി ഓരോ വര്‍ഷവും ചെലവഴിക്കും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍