ഐഎസ് ഭീഷണി: ഇറ്റലിയില്‍ അതീവ ജാഗ്രത
Friday, February 20, 2015 5:59 AM IST
റോം: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി കണക്കിലെടുത്ത് ഇറ്റലിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. യൂറോപ്പില്‍ നടത്തിയ ഓരോ ആക്രമണങ്ങള്‍ക്കും ശേഷം, തങ്ങളുടെ ആത്യന്തിക ലക്ഷ്യം റോമാണെന്നു ഭീകരര്‍ പ്രഖ്യാപിച്ചിരുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സുരക്ഷാ സന്നാഹങ്ങളും വര്‍ധിപ്പിച്ചതായി സ്വിസ് ഗാര്‍ഡ് മേധാവി സ്ഥിരീകരിച്ചു. വത്തിക്കാനില്‍ സമീപകാലത്തൊന്നുമില്ലാത്ത വിധത്തിലുള്ള സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

റോമിലെ കൊളോസിയം അടക്കമുള്ള ചരിത്രസ്മാരകങ്ങള്‍, വിദേശ രാജ്യങ്ങളുടെ എംബസികള്‍ എന്നിവിടങ്ങളിലും പഴുതില്ലാത്ത സുരക്ഷയാണ് ഒരുക്കുന്നത്. യുഎസ്, ലിബിയ എന്നീ രാജ്യങ്ങളുടെ എംബസികള്‍ക്കു പ്രത്യേക സുരക്ഷ നല്‍കുന്നു.

മിലാനില്‍ നടക്കാനിരിക്കുന്ന എക്സ്പോ 2015നെ ഭീകരര്‍ ലക്ഷ്യമിടാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍