ഇന്ത്യന്‍ ജനാധിപത്യത്തില്‍ കോണ്‍ഗ്രസ് അവിഭാജ്യ ഘടകം: സിദ്ദീഖ് പന്താവൂര്‍
Friday, February 20, 2015 1:35 AM IST
റിയാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അടിസ്ഥാന ആദര്‍ശങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയുടെ അടിത്തൂണുകളാണെന്നും അവ വിസ്മരിച്ചു കൊണ്െടാരു ഭരണ സംവിധാനത്തിനും ഇന്ത്യയെ രക്ഷിക്കാനാകില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍ പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സൌദിയിലെത്തിയ സിദ്ദീഖിന് റിയാദ് മലപ്പുറം ജില്ലാ ഒ.ഐ.സി.സി ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി ഒരു താല്‍ക്കാലിക പ്രതിഭാസമാണെന്നും ഒരു പ്രത്യേക ആശയത്തിന്റേയും പേരിലല്ലാതെ അരവിന്ദ് കെജ്രിവാളിന് ജനങ്ങളില്‍ നിന്നും ലഭിക്കുന്ന താല്‍ക്കാലിക പിന്തുണയാണ് വോട്ടായി മാറിയതെന്നും ഏറെ താമസിയാതെ പൊതുജനം ഈ പാര്‍ട്ടിയെ മനസിലാക്കുമെന്നും സിദ്ദീഖ് അഭിപ്രായപ്പെട്ടു.

ജനങ്ങളില്‍ നിന്നും അകന്നു കഴിഞ്ഞ സിപിഎം കേരളത്തില്‍ വലിയ തകര്‍ച്ചയെ നേരിടുകയാണ്. തെറ്റ് തിരുത്താന്‍ തയ്യാറാല്ലാത്ത പാര്‍ട്ടി നേതൃത്വം വീണ്ടും ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ഭാരവാഹിത്വങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നു. അടുത്ത കാലത്ത് പാര്‍ട്ടി സംഘടിപ്പിച്ച ജനകീയ സമരങ്ങളെല്ലാം വന്‍ പരാജയമായിരുന്നു. സര്‍ക്കാരിനെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ കേരളീയ സമൂഹം തള്ളിക്കളയുകയാണ്. റിയാദിലെ മലപ്പുറം ജില്ലാ ഒ.ഐ.സി.സി കമ്മിറ്റിയുടെ സഹകരണത്തോടെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന ഹെല്‍മറ്റ് ഫോര്‍ ടീന്‍സ് എന്ന ബോധവത്കരണ പരിപാടി മാതൃകാപരമാണെന്നും സിദ്ദീഖ് അഭിപ്രായപ്പെട്ടു.

ഒ.ഐ.സി.സി മലപ്പുറം ജില്ലാ പ്രസിഡണ്ട് ജിഫിന്‍ അരീക്കോട് അധ്യക്ഷത വഹിച്ച ചടങ്ങ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് സലിം കളക്കര ഉദ്ഘാടനം ചെയ്തു. ഷബീര്‍ മങ്കട ആമുഖ പ്രഭാഷണം നടത്തി. സദ്ദീഖ് പന്താവൂരിന് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജീഫിന്‍ അരീക്കോട് നല്‍കി. കരീം മഞ്ചേരി മുഖ്യാതിഥിയെ ഷാള്‍ അണിയിച്ചു. കുഞ്ഞി കുമ്പള, പ്രമോദ് പൂപ്പാല, അബ്ദുള്ള വല്ലാഞ്ചിറ, അഡ്വ. അജിത്, ഗ്ളോബല്‍ കമ്മിറ്റിയംഗങ്ങളായ നൌഫല്‍ പാലക്കാടന്‍, റസാഖ് പൂക്കോട്ടുംപാടം എന്നിവര്‍ സംസാരിച്ചു. സക്കീര്‍ ധാനത്ത്, അമീര്‍ പട്ടണത്ത്, ജംഷദ് തുവ്വൂര്‍, ഷൌക്കത്ത് മഞ്ചേരി, വിനീഷ് ഒതായി, ഫിറോസ് നിലമ്പൂര്‍, മുത്തു തിരൂരങ്ങാടി, മുസ്തഫ പാണ്ടിക്കാട്, ഷാജി ചുങ്കത്തറ, ബാവ വെന്നിയൂര്‍, അഷ്റഫ് പൂക്കോട്ടുംപാടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി, സലാം തെന്നല സ്വാഗതവും വഹീദ് വാഴക്കാട് നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍