റോമില്‍ ഭീകരവിരുദ്ധ സേന പട്രോളിംഗ് ശക്തമാക്കി
Wednesday, February 18, 2015 10:02 AM IST
റോം: റോം പിടിച്ചടക്കുകയാണ് അന്തിമലക്ഷ്യമെന്ന ഇസ്ളാമിക് സ്റേറ്റ് ഭീകരരുടെ തുടര്‍ച്ചയായ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍, റോമിലെ സുപ്രധാന സ്ഥാനങ്ങളില്‍ ഭീകരവിരുദ്ധ സേന പട്രോളിംഗ് ശക്തമാക്കുന്നു. സന്ദര്‍ശകര്‍ ഏറെ എത്തുന്ന സ്മാരകങ്ങള്‍ക്കും വിദേശ രാജ്യങ്ങളുടെ എംബസികള്‍ക്കുമാണു പ്രത്യേക സംരക്ഷണം ഉറപ്പാക്കുന്നത്.

ഈയാഴ്ചതന്നെ ആവശ്യത്തിനു സൈനികരെ ഇതിനായി വിന്യസിക്കാനാണു തീരുമാനം. റോമിലെ കൊളോസിയം, പാന്തിയോണ്‍, വത്തിക്കാന്‍ മ്യൂസിയങ്ങള്‍ എന്നിവിടങ്ങള്‍ സംരക്ഷിത പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. പള്ളികള്‍ക്കും പ്രത്യേകം സംരക്ഷണം ഉറപ്പാക്കും.

യുഎസ്, ലിബിയ എന്നീ രാജ്യങ്ങളുടെ എംബസികള്‍ക്കായിരിക്കും പ്രത്യേക ശ്രദ്ധയോടെ സംരക്ഷണം നല്‍കുക. 4850 സൈനികരെയാണ് ഇതിനായി നിയോഗിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍