ഡിലോയ്റ്റ് ഗ്ളോബല്‍ ഓപ്പറേഷന്‍സ് ചീഫ് എക്സിക്യൂട്ടീവായി പുനിത് രഞ്ജന്‍ നിയമിതനായി
Wednesday, February 18, 2015 10:01 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ ഏറ്റവും വലിയ ഓഡിറ്റ് ആന്‍ഡ് സാമ്പത്തിക ഉപദേശ സ്ഥാപനമായ ഡിലോയ്റ്റ് ഗ്ളോബല്‍ ഓപ്പറേഷന്‍സ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി ഇന്ത്യക്കാരനായ പുനിത് രഞ്ജന്‍ നിയമിതനായി.

ഇപ്പോള്‍ ഡിലോയ്റ്റ് അമേരിക്കയുടെ ബോര്‍ഡ് ചെയര്‍മാനാണു ഹരിയാനയിലെ റോഹ്ത്തക് സ്വദേശിയായ പുനിത് രഞ്ജന്‍.

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികകാര്യ സ്ഥാപനങ്ങളിലൊന്നിന്റെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണു പുനിത് രഞ്ജന്‍. കെപിഎംജി, പിഡബ്ള്യുസി, ഇവൈ എന്നിവയാണു ലോകത്തിലെ മറ്റു വലിയ സാമ്പത്തിക ഉപദേശ സ്ഥാപനങ്ങള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നതും ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നതും ഡിലോയ്റ്റാണ്. 27 വര്‍ഷമായി പുനിത് രഞ്ജന്‍ ഡിലോയ്റ്റിലാണു ജോലി ചെയ്യുന്നത്. നേരത്തേ ഉപസ്ഥാപനമായ ഡിലോയ്റ്റ് കണ്‍സള്‍ട്ടിംഗിന്റെ ചെയര്‍മാനും സിഇഒയുമായി പ്രവര്‍ത്തിച്ചിരുന്നു.

ജര്‍മനിയിലെ സാമ്പത്തികവിദഗ്ധരും ചേംബര്‍ ഓഫ് കൊമേഴ്സും പുനിത് രഞ്ജന്റെ നിയമനത്തെ സ്വാഗതം ചെയ്തു. ഇന്ത്യയിലെ മോദിസര്‍ക്കാര്‍ വിദേശ മുതല്‍മുടക്ക് സ്വാഗതം ചെയ്യുകയും ഉദാരമാക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യക്കാരനായ പുനിത് രഞ്ജന് വളരെയേറെ ചെയ്യാന്‍ സാധിക്കുമെന്ന് ജര്‍മനിയിലെ സാമ്പത്തികവിദഗ്ധര്‍ കരുതുന്നു. ഡിലോയ്റ്റ് ഗ്ളോബല്‍ ഓപ്പറേഷന്‍സിനെയും ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ താത്പര്യമുള്ള വിദേശ വ്യവസായികളെയും ഈ നിയമനം സഹായിക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍