ഐടിബി ബര്‍ലിന്‍ മാര്‍ച്ച് നാലിന് ആരംഭിക്കും
Wednesday, February 18, 2015 10:00 AM IST
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ആന്‍ഡ് ട്രേഡ് ഷോ (ഐടിബി ബര്‍ലിന്‍) ജര്‍മനിയുടെ തലസ്ഥാനനഗരമായ ബര്‍ലിനില്‍ മാര്‍ച്ച് നാലിന് ആരംഭിക്കും. ബര്‍ലിന്‍ അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്ററില്‍ നടക്കുന്ന ലോകസഞ്ചാര മേളയില്‍ അഞ്ചു ഭൂഖണ്ഡങ്ങളില്‍നിന്ന് 180 രാജ്യങ്ങളിലെ 11000 ഓളം പ്രദര്‍ശകരാണു പങ്കെടുക്കുന്നത്. മംഗോളിയ ആണ് ഇത്തവണത്തെ പങ്കാളിത്ത രാജ്യം.

1,60,000 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള എക്സിബിഷന്‍ നഗറില്‍ മാര്‍ച്ച് നാലു മുതല്‍ എട്ടു വരെയാണു മേള. ആദ്യത്തെ രണ്ടു ദിവസങ്ങളില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ വിദഗ്ധര്‍ക്കും മാര്‍ച്ച് ഏഴു മുതല്‍ പൊതുസന്ദര്‍കര്‍ക്കുമാണു പ്രവേശനം നല്‍കുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയാണു സന്ദര്‍ശന സമയം.

മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പ്രദര്‍ശകരില്‍ കേരളത്തില്‍ നിന്നുള്ള ടൂറിസം പ്രമോട്ടേഴ്സ് ഇന്ത്യന്‍ പവലിയന്റെ മുഖ്യാകര്‍ഷണം ആയിരിക്കും. മാര്‍ച്ച് എട്ടിന് ഐടിബി നാല്‍പ്പത്തിയൊന്‍പതാമത് മേളയ്ക്കു തിരശീല വീഴും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍