സന്ദര്‍ലാന്‍ഡ് മലയാളി കാത്തലിക് കമ്യുണിറ്റിയുടെ ഇടവക ദിനം ഫെബ്രുവരി 21 ന്
Wednesday, February 18, 2015 8:24 AM IST
സന്ദര്‍ലാന്‍ഡ്: പൈതൃകമായി തങ്ങള്‍ക്കു കിട്ടിയ വിശ്വാസത്തെ എന്നും ഉയര്‍ത്തിപിടിച്ച പാരമ്പര്യമാണ് മലയാളി കത്തോലിക്കര്‍ക്ക്. സന്ദര്‍ലാന്‍ഡിലെ മലയാളി കത്തോലിക്കാ വിശ്വാസികള്‍ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടു സഭയോടോത്തു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും എന്നും എപ്പോഴും സമയം കണ്െടത്താറുണ്ട്. സെന്റ് ജോസഫ്സ് ഇടവകയോടു ചേര്‍ന്നുനിന്നുകൊണ്ട്, ഫാ. സജി തോട്ടത്തിലിന്റെ മാര്‍ഗനിര്‍ദേശത്തില്‍ അത്മീയ ജീവിതപാതയില്‍ പാരമ്പര്യവിശ്വാസത്തോടൊപ്പം കാലാനുസൃതമായ മാറ്റങ്ങളും കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. എല്ലാ വര്‍ഷവും നടത്തിവരാറുള്ള പാരിഷ് ഡേ ഫെബ്രുവരി 21ന് (ശനി) രാവിലെ 10.15ന് ആഘോഷമായ വിശുദ്ധ ബലിയോടെ തുടക്കമാകും.

തുടര്‍ന്നു നടക്കുന്ന ബൈബിള്‍ ക്വിസ് ഇടവകയിലുള്ള നാലു ഫാമിലി യുണിറ്റുകളുടെ വാശിയേറിയ പങ്കാളിത്തം കൊണ്ട് സമ്പന്നമാകും. കുട്ടികള്‍ക്കു മാത്രമായി ഇത്തവണ ബൈബിള്‍ ക്വിസ് നടത്തുകയും വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനമായി നല്‍കും. ഇടവക വികാരി ഫാ. മൈക്കില്‍മക്കോയ് മുഖ്യാതിഥിയാകുന്ന സമാപന സമ്മേളനത്തില്‍ സന്ദര്‍ലാന്‍ഡിലെ മലയാളി വിശ്വാസസമൂഹത്തെ സംഘാടകര്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്