പ്രവീണിന്റെ കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മകള്‍ സാക്ഷി; നീതി കിട്ടുംവരെ പോരാട്ടം തുടരും
Wednesday, February 18, 2015 8:23 AM IST
ഷിക്കാഗോ: പ്രവീണ്‍ വര്‍ഗീസിന്റെ ഓര്‍മകള്‍ തുടിച്ചു നിന്ന അനുസ്മരണ ചടങ്ങ് നീതിക്കുവേണ്ടിയുള്ള പോരാട്ടം സുശക്തമായി തുടരുമെന്ന താക്കീതുമായി കടുത്ത മഞ്ഞിലും വന്‍ ജനാവലി ഷിക്കാഗോ മാര്‍ത്തോമ ചര്‍ച്ചില്‍ ചടങ്ങിനെത്തിയതു ജനങ്ങളുടെ ഉത്കണ്ഠയുടെയും നീതിക്കുവേണ്ടി പ്രവീണിന്റെ കുടുംബം ഒരു വര്‍ഷമായി തുടരുന്ന പോരാട്ടത്തോടുള്ള ഐക്യദാര്‍ഢ്യത്തിന്റെയും തെളിവായി. മുഖ്യധാരാ രാഷ്ട്രീയത്തില്‍നിന്നുള്ള നേതാക്കളും പിന്തുണയുമായെത്തി.

വികാരി ഫാ. ഡാനിയല്‍ തോമസിന്റെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷയോടെയാണു പരിപാടികള്‍ക്കു തുടക്കമായത്. തുടര്‍ന്ന് പള്ളിയിലെ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ മലയാളത്തിലും ഇംഗ്ളീഷിലും ഗാനശുശ്രൂഷ നടന്നു.

ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഗ്ളാഡ്സന്‍ വര്‍ഗീസിന്റെ സ്വാഗതപ്രസംഗത്തോടെ സമ്മേളനം ആരംഭിച്ചു. പ്രവീണിന്റെ സഹോദരിമാരായ പ്രിയയും പ്രീതിയും ബന്ധുക്കളെ പ്രതിനിധീകരിച്ചു സുമിത്, ടോണി, ജിജി എന്നിവരും പ്രവീണിന്റെ മരിക്കാത്ത ഓര്‍മകള്‍ പങ്കുവച്ചു. അറ്റോര്‍ണി ജിമ്മി വാച്ചാച്ചിറ കേസിന്റെ പുരോഗതി വിലയിരുത്തി.

പ്രവീണിന്റെ മരണത്തെപ്പറ്റിയുള്ള അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായിരുന്നു ആര്‍ച്ച് ഏഞ്ചല്‍സ് ഓഫ് ജസ്റീസ് എന്ന സംഘടനയുടെ രംഗപ്രവേശവും സജീവ ഇടപെടലുകളും. മുന്‍ പോലീസ് ഓഫീസര്‍മരായ സാല്‍ വത്തോരെ റസ്ട്രീലി, ഐറ റോബിന്‍സ് എന്നിവര്‍ നേതൃത്വം നല്‍കുന്ന പ്രസ്തുത സംഘടന കുടുംബാംഗങ്ങളുമായി ചേര്‍ന്നു നാളിതുവരെ നടത്തിയ അന്വേഷണം കേസിന്റെ പുരോഗതിക്കു വലിയ സംഭാവനയാണു നല്‍കിയത്. രണ്ടു പേരും കാര്‍ബന്‍ഡെയില്‍ പോലീസ് നടത്തുന്ന കള്ളക്കളികളും കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങളും വിവരിച്ചു.

പ്രവീണിനും കുടുംബത്തിനും നീതി കിട്ടുംവരെ തങ്ങളുടെ ശക്തമായ ഇടപെടലും പിന്തുണയും ഉണ്ടാവുമെന്ന അവരുടെ പ്രഖ്യാപനം ജനം കരഘോഷത്തോടെയാണു എതിരേറ്റത്.

ഇല്ലിനോയി മുന്‍ ലഫ്. ഗവര്‍ണര്‍ ഷൈല സൈമണ്‍, കോണ്‍ഗ്രസ്മാന്‍ ഡാനി ഡേവിസ്, അസംബ്ളി അംഗം ലൂയി ലാംഗ്, മുന്‍ ഡപ്യൂട്ടി സ്റേറ്റ് ട്രഷറര്‍ രാജാ കൃഷ്ണമൂര്‍ത്തി, മോര്‍ട്ടണ്‍ ഗ്രോവ് മേയര്‍ ഡാന്‍ ഡിമറിയ, ആല്‍ഡര്‍മാന്‍ ജിം ബ്രൂക്സ്, സ്കോട്ട് ലിറ്റ്സോവ്, ജോസീന മൊറിറ്റ, ലത ആന്‍ കാലായില്‍, ആഞ്ചല അബ്രമൈറ്റ് എന്നിവരും നീതിക്കായുള്ള പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിച്ചു പ്രസംഗിച്ചു.

തുടര്‍ന്നു സദസില്‍നിന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ആര്‍ച്ച് ഏയ്ഞ്ചല്‍സ് ഓഫ് ജസ്റീസ് പ്രതിനിധികള്‍ മറുപടി പറഞ്ഞു.

നന്ദി പറഞ്ഞ പ്രവീണിന്റെ മാതാവ് ലൌവ്ലി വര്‍ഗീസ് ഒരു വര്‍ഷമായി തങ്ങള്‍ കടന്നു പോകുന്ന യാതനകളും നീതിക്കായുള്ള ശ്രമങ്ങളും വിവരിച്ചു. വേദനാജനകമായ ഈ ഒരു വര്‍ഷം തങ്ങള്‍ക്കു കരുത്തും ശക്തിയും പകര്‍ന്നത് ജങ്ങളുടെ പിന്തുണയാണ്. മാധ്യമങ്ങളുടെയും മലയാളി സമൂഹത്തിന്റെയും ശക്തമായ നിലപാടുകളാണു കേസ് നടത്തിപ്പില്‍ തങ്ങള്‍ക്കു ശക്തിയായത്. അവരോടൊക്കെയൂള്ള നന്ദി വാക്കുകള്‍ക്കപ്പുറമാണ്.

ഫാ. ഡാനിയല്‍ ജോര്‍ജിന്റെ പ്രാര്‍ഥനയോടെ ചടങ്ങുകള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം