ഗുരുതരമായി രോഗം ബാധിച്ച കണ്ണൂര്‍ സ്വദേശിയെ നാട്ടിലെത്തിച്ചു
Wednesday, February 18, 2015 8:21 AM IST
തായിഫ്: വൃക്കകള്‍ക്കു ഗുരുതരമായി രോഗം ബാധിച്ച കണ്ണൂര്‍ സ്വദേശിയെ നവോദയ പ്രവര്‍ത്തകര്‍ ഇടപെട്ടു നാട്ടിലെത്തിച്ചു. തായിഫിലെ ഷാര ടെലിവിഷനില്‍ റൊട്ടിക്കടയിലെ തൊഴിലാളി കണ്ണൂര്‍ തളിപ്പറമ്പ് ചപ്പാരകടവ് ഒപി ഹൌസില്‍ പി. അബുബക്കര്‍ (56)നെയാണു നവോദയ പ്രവര്‍ത്തകര്‍ ഇടപെട്ട് നാട്ടിലെത്തിച്ചത്.

ഇരു വൃക്കകളും തകരാറിലായ അബൂബക്കറിന്റെ ഇഖാമയുടെ കാലാവധി രണ്ടു വര്‍ഷം മുമ്പു കഴിഞ്ഞിരുന്നു. സ്പോണ്‍സറുടെയും റൊട്ടി കടയുടെ നടത്തിപ്പുകാരന്‍ ഈജിപ്ഷ്യന്‍ പൌരന്റെയും നിസഹകരണം മൂലം ഇഖാമ പുതുക്കാന്‍ കഴിഞ്ഞിരുന്നില്ല. നാലു വര്‍ഷം മുമ്പ് നാട്ടില്‍ അവധിക്കു പോയിട്ട് മടങ്ങി വന്നതിനുശേഷമാണ് അബുബക്കര്‍ രോഗബാധിതനാകുന്നത്.പിന്നീട് നാട്ടില്‍ പോയിട്ടില്ല. രണ്ടര വര്‍ഷം മുമ്പാണു രോഗം മൂര്‍ച്ഛിക്കുന്നത്. ഇഖാമ ഇല്ലാതിരുന്നതിനാല്‍ ആശുപത്രിയില്‍ പോയി ചികിത്സ തേടാന്‍ കഴിഞ്ഞിരുന്നില്ല. വേദനയും മറ്റു ബുദ്ധിമുട്ടുകളും വരുമ്പോള്‍ വേദനസംഹാരി വാങ്ങി കഴിച്ചു ജോലിയില്‍ തുടരുകയായിരുന്നു അബൂബക്കര്‍. ജോലിയില്‍ തുടരുവാന്‍ കഴിയാത്ത തരത്തില്‍ രോഗം മൂര്‍ച്ഛിച്ച അബൂബക്കറിനെ കഴിഞ്ഞ മാസം തായിഫിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ അബൂബക്കറിനെ ഡയാലിസിസ് അടക്കം വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

അബൂബക്കറിന്റെ രോഗവിവരത്തെക്കുറിച്ച് കഴിഞ്ഞ മാസം പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അതുവരെ അബൂബക്കറിന്റെ ഇഖാമ പുതുക്കുവാനോ നാട്ടില്‍ വിടുവനോ തയാറാകാതിരുന്ന ഈജിപ്ഷ്യന്‍ പൌരന്‍ വാര്‍ത്ത വന്ന കാര്യം നവോദയ പ്രവര്‍ത്തകര്‍ സുചിപ്പിച്ചതോടെ ഇഖാമ പുതുക്കി കൊടുക്കുകയും എക്സിറ്റ് അടിച്ചു കൊടുക്കാനും തയാറായി. നവോദയ തായിഫ് ഏരിയ കമ്മിറ്റി അംഗം ഷാനവാസ് എടവണ്ണ, ഈജിപ്ഷ്യന്‍ പൌരനുമായി നിരന്തരമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണു യാത്രാരേഖകള്‍ ശരിയാക്കി കൊടുത്തത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്കു മടങ്ങി. കഴിഞ്ഞ 20 വര്‍ഷമായി തായിഫിലെ റൊട്ടി കടയില്‍ ജോലി ചെയ്യുന്ന അബൂബക്കറിന്റെ വീടുപണി ഇതു വരെ പൂര്‍ത്തിയായിട്ടില്ല. ഭാര്യ വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുകയാണ്. സ്കൂള്‍വിദ്യാര്‍ഥികളായ ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും അടക്കം ആറു മക്കളാണ് അബൂബക്കറിനുള്ളത്. നാലു പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞു. നവോദയ തായിഫ് ഷാര കംസാഷരിന്‍ യൂണിറ്റ് അംഗമായ അബൂബക്കറിനെ നാട്ടില്‍ വിടുന്നതിനും യാത്രാരേഖകള്‍ ശരിയാക്കുന്നതിനും ഷാനവാസ് എടവണ്ണക്ക് ഒപ്പം നവോദയ തായിഫ് ഏരിയ കമ്മിറ്റി ഭാരവാഹികളായ ഇഖ്ബാല്‍ പുലമാന്തോള്‍, ഹംസ പുതിയങ്ങാടി, സലീം പെരുമണ്ണ, ആകുല്‍ മുഹമ്മദ് എന്നിവരും ഷാര കംസാഷരിന്‍ യൂണിറ്റിലെ പ്രവര്‍ത്തകരും സഹായത്തിനുണ്ടായിരുന്നു. യാത്ര രേഖകള്‍ ഷാനവാസ് എടവണ്ണ അബൂബക്കറിനു കൈമാറി. ഹംസ പുതിയങ്ങാടി, സലീം പെരുമണ്ണ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍